സ്ത്രീധനത്തിന്റെ പേരിൽ മർദ്ദനം; മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി നവവധു

കോഴിക്കോട്: സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവ് മർദ്ദിച്ച കേസിൽ മുഖ്യമന്ത്രിക്കും വനിത കമ്മീഷനും പരാതി നൽകി നവവധു. എറണാകുളം വടക്കൻ പറവൂർ സ്വദേശിയായ നവവധുവിനെയാണ് കോഴിക്കോട് പന്തീരാങ്കാവ് സ്വദേശിയായ ഭർത്താവ് രാഹുൽ ക്രൂരമായി മർദ്ദിച്ചത്. കേസുമായി ബന്ധപ്പെട്ട് പരാതിയിൽ പൊലീസിനെതിരെ ഗുരുതര ആരോപണമാണ് ഉന്നയിച്ചിരിക്കുന്നത്.

ഗാർഹിക പീഡന പരാതിയിൽ പൊലീസ് കാര്യക്ഷമമായി ഇടപെട്ടില്ലെന്നാണ് ആരോപണം. സംഭവത്തിൽ പരാതി നൽകിയിട്ടും പൊലീസിന്റെ ഭാഗത്തു നിന്നും അനുകൂലമായ അന്വേഷണം ഉണ്ടായില്ലെന്നും പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ രാഹുലിനെതിരെ പന്തീരാങ്കാവ് പൊലീസ് ചുമത്തിയത് ദുർബല വകുപ്പുകളാണെന്നും പരാതിയിൽ പറയുന്നു. കേസെടുക്കാൻ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഭർത്താവ് രാഹുൽ മൊബൈൽ ചാർജർ കേബിൾ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. വിവാഹം കഴിഞ്ഞ് ഏഴാം നാൾ തന്നെ കാണാനെത്തിയ വീട്ടുകാരോടാണ് പീഡനവിവരം ആദ്യം പറഞ്ഞത്. പിന്നീട് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു.