ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. അസംബന്ധമായ ആരോപണമാണ് കെജ്രിവാൾ ഉന്നയിക്കുന്നതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. നരേന്ദ്ര മോദി മൂന്നാമതും പ്രധാനമന്ത്രിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബിജെപിയിലോ എൻഡിഎയിലോ ഇക്കാര്യത്തിൽ സംശയമില്ല. തെരഞ്ഞെടുപ്പിൽ ബിജെപിയും എൻഡിഎയും ഉജ്ജ്വല വിജയം നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അമിത് ഷായും കഴിഞ്ഞ ദിവസം കെജ്രിവാളിനെതിരെ രംഗത്തെത്തിയിരുന്നു.
നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇതിനെ ചൊല്ലി പാർട്ടിയിൽ ആശയ കുഴപ്പമില്ലെന്നും അദ്ദേഹം പറഞ്ഞു. വാർത്താസമ്മേളനത്തിലാണ് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
75 വയസിൽ ഒഴിയണമെന്ന് പാർട്ടി ഭരണഘടനയില്ല. അദ്ദേഹത്തെ മാറ്റില്ലെന്ന് നേരത്തെ തന്നെ തീരുമാനിച്ചിട്ടുണ്ട്. പ്രധാനമന്ത്രി മോദിയുടെ വിരമിക്കലിനെക്കുറിച്ചുള്ള ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പ്രസ്താവനയ്ക്കുള്ള മറുപടിയാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2014-ൽ പ്രധാനമന്ത്രി മോദി തന്നെ 75 വയസ്സിന് ശേഷം ബിജെപി നേതാക്കൾ വിരമിക്കുമെന്ന് ഒരു നിയമം ഉണ്ടാക്കി. അടുത്ത വർഷം സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസ്സ് തികയുകയാണ്. ഇപ്പോൾ അമിത് ഷായ്ക്ക് വേണ്ടിയാണോ വോട്ട് ചോദിക്കുന്നതെന്ന് മോദി വ്യക്തമാക്കണമെന്നായിരുന്നു കെജ്രിവാളിന്റെ പരാമർശം.

