ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്‌കരണം നാളെ മുതൽ; റോഡ് ടെസ്റ്റിനു ശേഷം മാത്രം ‘എച്ച്’ ടെസ്റ്റ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഏർപ്പെടുത്തിയ ഡ്രൈവിങ് ലൈസൻസ് പരീക്ഷ പരിഷ്‌കരണം നാളെ മുതൽ ആരംഭിക്കും. കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്കാണ് ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണം കൊണ്ടുവന്നത്. പുതിയ പരിഷ്‌ക്കരണം അനുസരിച്ച് റോഡ് ടെസ്റ്റിനു ശേഷമാണ് ഇനി ‘എച്ച്’ ടെസ്റ്റ് നടത്തുക. പ്രതിദിന ടെസ്റ്റുകൾ 60 ആയി കുറച്ചു. പുതുതായി 40 പേർക്കും തോറ്റവർക്കുള്ള റീ ടെസ്റ്റിൽ 20 പേർക്കുമാണ് അവസരം നൽകുക. ടാർ ചെയ്‌തോ കോൺക്രീറ്റ് ചെയ്‌തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിങ് നടത്തേണ്ടത്. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ നിർദ്ദേശ പ്രകാരമാണ് പുതിയ പരിഷ്‌ക്കരണം ഏർപ്പെടുത്തിയിരിക്കുന്നത്.

മന്ത്രിയുടെ നിർദ്ദേശം പാലിക്കാൻ ഗ്രൗണ്ടുകൾ സജ്ജമാകാത്തതിനാൽ ആദ്യഘട്ടത്തിൽ ചെറിയ ഇളവുകൾ കഴിഞ്ഞദിവസം നിർദേശിച്ചിരുന്നു. ആംഗുലർ പാർക്കിങ് (വശം ചെരിഞ്ഞുള്ള പാർക്കിങ്), പാരലൽ പാർക്കിങ്, സിഗ് സാഗ് ഡ്രൈവിങ് (എസ് വളവു പോലെ), കയറ്റത്തു നിർത്തി പിന്നോട്ടു പോകാതെ മുൻപോട്ട് എടുക്കുക തുടങ്ങിയവയാണ് ഉറപ്പായും വിജയിക്കേണ്ട പരീക്ഷകൾ. എന്നാൽ മാത്രമേ ഇനി മുതൽ ലൈസൻസ് കിട്ടൂ.

അതേസമയം, പുതിയ പരിഷ്‌കരണവുമായി സഹകരിക്കില്ലെന്നാണ് ഡ്രൈവിങ് സ്‌കൂളുകൾ അറിയിച്ചിട്ടുള്ളത്. സിഐടിയുവും പ്രതിഷേധം അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. ‘മോട്ടോർ സൈക്കിൾ വിത്ത് ഗിയർ’ വിഭാഗത്തിൽ ഇനി ഡ്രൈവിങ് ടെസ്റ്റിന് ഉപയോഗിക്കേണ്ടത് കാൽ കൊണ്ടു പ്രവർത്തിപ്പിക്കാവുന്ന ഗിയർ സിലക്ഷൻ സംവിധാനമുള്ളതും 95 സിസിക്കു മുകളിൽ എൻജിൻ കപ്പാസിറ്റിയുള്ളതുമായ മോട്ടോർ സൈക്കിൾ ആണ്. ടെസ്റ്റിനായി ഉപയോഗിക്കുന്ന ഡ്രൈവിങ് സ്‌കൂളിന്റെ എൽഎംവി വിഭാഗം വാഹനങ്ങളിൽ ടെസ്റ്റ് റെക്കോർഡ് ചെയ്യുന്നതിനായുള്ള ഡാഷ്‌ബോർഡ് ക്യാമറയും വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് ഡിവൈസും ഡ്രൈവിങ് സ്‌കൂൾ ഉടമ വാങ്ങി ഘടിപ്പിക്കേണ്ടതാണ്. ടെസ്റ്റ് റെക്കോർഡ് ചെയ്ത് മെമ്മറി കാർഡ് എംവിഐ കൊണ്ടുപോകണം. ഡേറ്റ ഓഫിസിലെ കംപ്യൂട്ടറിലേക്കു മാറ്റിയ ശേഷം മെമ്മറി കാർഡ് തിരികെ നൽകണം. ഡേറ്റ 3 മാസത്തേക്കു സൂക്ഷിക്കണമെന്നും പുതിയ നിർദേശത്തിൽ പറയുന്നു. 15 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാൻ പാടില്ലെന്നും നിർദ്ദേശമുണ്ട്.

ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിങ് ടെസ്റ്റിനായി ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷൻ ഉള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കരുതെന്നും നിർദേശത്തിൽ പറയുന്നു.