ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ല; സമസ്ത

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, ജനറൽ സെക്രട്ടറി പ്രഫ. കെ.ആലിക്കുട്ടി മുസല്യാർ, ട്രഷറർ പി.പി.ഉമ്മർ മുസല്യാർ കൊയ്യോട്, സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം ടി.അബ്ദുല്ല മുസല്യാർ എന്നിവർ സംയുക്ത പ്രസ്താവനയിലാണ് ഇക്കാര്യം അറിയിച്ചത്.

സമസ്തയും മുസ്ലിം ലീഗും തമ്മിലും അണികൾ തമ്മിലുമുള്ള പ്രത്യേക ബന്ധത്തിനു തകരാറുണ്ടാക്കുകയും തെറ്റിദ്ധാരണകൾ പരത്തുകയും ചെയ്യുന്ന അനാവശ്യ പ്രചാരണങ്ങൾ എല്ലാവരും ഒഴിവാക്കണമെന്നും നേതാക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.