തൃശൂർ പൂരം; ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്

തൃശ്ശൂർ: തൃശൂർ പൂരത്തിലെ ആനകൾക്ക് പട്ട കൊണ്ടുവരുന്നവരെയും കുടമാറ്റത്തിന് കുട കൊണ്ടുവരുന്നവരെയും പോലീസ് തടയുന്ന ദൃശ്യങ്ങൾ പുറത്ത്. തൃശൂർ പൂരസമയത്ത് ഉണ്ടായ പ്രതിസന്ധിയിൽ പോലീസിനെതിരെ വിമർശനം ശക്തമാകുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകിന്റെ നേതൃത്വത്തിലാണ് പട്ടയും കുടയും കൊണ്ടുവരുന്നവരെ തടഞ്ഞത്. ‘എടുത്തുകൊണ്ടു പോടാ പട്ട’ എന്ന് പറഞ്ഞ് കമ്മീഷണർ കയർക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

തിരുവമ്പാടിയുടെ കുടമാറ്റത്തിനുള്ള ശ്രീരാമന്റെ കുടകൊണ്ടുവന്നവരെയും പോലീസ് തടഞ്ഞുവെന്നാണ് വിവരം. എന്നാൽ ഒരു പട്ടയോ കുടയോ കൊണ്ട് നിരവധി പേർ അകത്തു കടക്കാൻ ശ്രമിച്ചപ്പോഴാണ് തടഞ്ഞതെന്ന് കമ്മീഷണർ പറയുന്നു.

അതേസമയം, തൃശൂർ പൂരം പ്രതിസന്ധിയിൽ അന്വേഷണം വേണമെന്ന് മൂന്ന് മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.