ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടം ആരംഭിച്ചു. 16 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 102 മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. 102 മണ്ഡലങ്ങളിലായി 1625 സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ട്. തമിഴ്നാട്ടിൽ, 39 മണ്ഡലങ്ങളിലായി 950 സ്ഥാനാർത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ 7 മണി മുതൽ പോളിംഗ് ആരംഭിച്ചു. നിരവധി പ്രമുഖർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കാനെത്തി.
മുൻ കേന്ദ്രമന്ത്രി പി ചിദംബരം, ബിജെപി സംസ്ഥാന അധ്യക്ഷൻ കെ അണ്ണാമലൈ, സിനിമാ താരങ്ങളായ രജനികാന്ത്, അജിത്ത്, കമൽ ഹാസൻ, ഖുഷ്ബു, ശിവകാർത്തികേയൻ സംഗീത സംവിധായകൻ ഇളയരാജ തുടങ്ങിയ പ്രമുഖരെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തിയിരുന്നു. ആദ്യ ഘട്ടത്തിൽ പശ്ചിമ ബംഗാളിൽ മൂന്ന് സീറ്റുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ബംഗാളിൽ ബിജെപി അക്രമം കാട്ടുന്നുവെന്നും ആയുധങ്ങളുമായി വോട്ടർമാരെ ഭീഷണിപ്പെടുത്തുവെന്നുമാണ് തൃണമൂൽ ആരോപിക്കുന്നത്.
ആലിപൂർദ്വാറിലെ രണ്ട് ബൂത്തുകളിൽ ബി ജെ പി പ്രവർത്തകർ ആയുധങ്ങളുമായി എത്തിയയെന്നും തൃണമൂൽ പറയുന്നു. ദിൻഹാട്ടയിൽ ബിജെപി നേതാവിന്റെ വീട്ടിലേക്ക് ബോംബേറ് നടന്നു. ഇതിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്നാണ് ബിജെപി പറയുന്നത്.
അതേസമയം, തമിഴ്‌നാട്ടിൽ ചരിത്രജയം നേടുമെന്നാണ് ബിജെപി അധ്യക്ഷൻ കെ അണ്ണാമലൈ വ്യക്തമാക്കിയിരിക്കുന്നത്. തമിഴ് ജനത മോദിക്കൊപ്പം നിൽക്കും. ബിജെപിക്കാരുടെ കൈയിൽ നിന്ന് പണം വാങ്ങിയ ഒരു വോട്ടറെ കാണിച്ചാൽ രാഷ്ട്രീയം വിടുമെന്നും അണ്ണാമലൈ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ അദ്ദേഹം പ്രതികരിച്ചു.