കുറച്ച് കാലമായി താൻ ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണ്; ദീലീപ്

dileep

കഴിഞ്ഞ കുറച്ച് കാലമായി താൻ ദിവസവും കരഞ്ഞുകൊണ്ടിരിക്കുകയാണെന്ന് നടൻ ദീലീപ്. തന്റെ 149ാമത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിൽ സംസാരിക്കവെയായിരുന്നു ദിലീപിന്റെ പരാമർശം. കണ്ണീരോടെയായിരുന്നു ദിലീപ് വേദിയിൽ സംസാരിച്ചത്. ദിലീപ് എന്റർടെയിൻമെന്റാണ് എന്നാണ് എല്ലാവരും പറയുന്നത്. ഇത്രയും കാലം ഞാൻ ഒരുപാട് ചിരിക്കുകയും ചിരിപ്പിക്കുകയും ചെയ്തു. എന്നാൽ കുറച്ചു കാലമായി താൻ കരഞ്ഞുകൊണ്ടിരിക്കുകയാണ്. ചിരിപ്പിക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന തനിക്ക് നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണെന്നും ദിലീപ് വ്യക്തമാക്കുന്നു.

പവി കെയർ ടേക്കർ എന്ന സിനിമ തിയേറ്ററിൽ എത്തുന്നത് പ്രിയപ്പെട്ട പ്രേക്ഷകരെ മാത്രം വിശ്വസിച്ചുകൊണ്ടാണ്. ഒരു നടനെന്ന നിലയിൽ പല വേഷവും താൻ ശ്രമിക്കാറുണ്ട്. വർഷങ്ങൾക്കുമുൻപ് ഒരുപാട് നായികമാർ എന്റെകൂടെ സിനിമയിലേയ്ക്ക് വന്നിട്ടുണ്ട്. പലരുടെയും ആദ്യ നായകനാണ് താൻ. മലയാള സിനിമയിലേയ്ക്ക് അഞ്ച് നായികമാർ കൂടി പുതിയതായി വരികയാണ്. അവർ അഞ്ചുപേരും കഴിവുള്ളവരാണെന്നും ദീലീപ് പറയുന്നു.

ഏപ്രിൽ 26നാണ് പവി കെയർ ടേക്കർ തിയേറ്ററുകളിൽ എത്തുന്നത്. അഞ്ചു പുതുമുഖ നായികമാരാണ് ചിത്രത്തിലുള്ളത്. ജോണി ആന്റണി, രാധിക ശരത് കുമാർ, ധർമജൻ ബോൾഗാട്ടി, സ്പടികം ജോർജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ദിലീപ് ആണ് ചിത്രം നിർമ്മിക്കുന്നത്.