ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയും പാർട്ടി അദ്ധ്യക്ഷനുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ ആംആദ്മിയിൽ ഭിന്നത. ഡൽഹി സാമൂഹിക ക്ഷേമ മന്ത്രി രാജ്കുമാർ ആനന്ദ് മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. മന്ത്രിസഭയിൽ നിന്നും രാജിവെച്ചു. ആംആദ്മി പാർട്ടിയിൽ നിന്നും അദ്ദേഹം രാജിവെച്ചു.
അഴിമതിക്കെതിരേ പോരാടാനാണ് താൻ എഎപിയിൽ ചേർന്നതെന്നും എന്നാൽ ഇന്ന് അതേ എഎപി തന്നെ അഴിമതിയിൽ മുങ്ങിയെന്നും രാജ് കുമാർ ആനന്ദ് പറഞ്ഞു. രാജിവെച്ച ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആംആദ്മി പാർട്ടി ദളിത് വിരുദ്ധമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു.
ഒരു ദളിത് എംഎൽഎയോ കൗൺസിലറോ ആം ആദ്മി പാർട്ടിയിൽ ഇല്ല. താൻ അബേദ്കറുടെ തത്വങ്ങൾ പിന്തുടരുന്ന വ്യക്തിയാണ്. പക്ഷെ, ഈ പാർട്ടിയിൽ നിന്നുകൊണ്ട് തനിക്ക് ദളിത് വിഭാഗത്തിനുവേണ്ടി പ്രവർത്തിക്കാൻ കഴിയുന്നില്ല. എന്നാൽ, പാർട്ടി വിട്ടെങ്കിലും താൻ ബിജെപിയിൽ പോവില്ലെന്നും രാജ്കുമാർ കൂട്ടിച്ചേർത്തു.
അതേസമയം, മദ്യനയക്കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ജയിലിന് അകത്തായിട്ട് രാജിവെക്കാൻ തയ്യാറാവാത്തതും ജയിലിൽ നിന്ന് ഭരിക്കുമെന്നതടക്കമുള്ള നിലപാടും പാർട്ടിക്കുള്ളിൽ വലിയ അഭിപ്രായ വ്യത്യാസമുണ്ടാക്കിയിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.

