അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുന്നു; കോൺഗ്രസ് പ്രകടനപത്രികക്കെതിരെ ഹിമന്ത ബിശ്വ ശർമ്മ

ന്യൂഡൽഹി: കോൺഗ്രസിന്റെ പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. കോൺഗ്രസിന്റെ പ്രകടന പത്രിക ഇന്ത്യയിലെ തെരഞ്ഞെടുപ്പിനേക്കാൾ പാക്കിസ്ഥാനിലെ തെരഞ്ഞെടുപ്പിനാണ് ഉചിതമെന്ന് അദ്ദേഹം വ്യക്തമാക്കി. അധികാരത്തിലെത്താൻ സമൂഹത്തെ ഭിന്നിപ്പിക്കുകയാണ് പ്രകടനപത്രികയുടെ ലക്ഷ്യമെന്നും ഹിമന്ത ബിശ്വ അഭിപ്രായപ്പെട്ടു. ജോർഹട്ട് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റാലിക്കിടെ മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടനപത്രിക പ്രീണന രാഷ്ട്രീയമാണ്. തങ്ങൾ അതിനെ അപലപിക്കുന്നു. ഇത് ഭാരതത്തിലെ തെരഞ്ഞെടുപ്പിന് വേണ്ടിയല്ല, പാകിസ്ഥാന് വേണ്ടിയുള്ളതാണെന്ന് പ്രകടനപത്രികയിൽ തോന്നുന്നു. മുത്തലാഖ്, ബഹുഭാര്യത്വം, ശൈശവ വിവാഹം ഇവയെ പിന്തുണയ്ക്കാൻ ഹിന്ദുവോ മുസ്ലീമോ ആയ ഒരു വ്യക്തിയും ആഗ്രഹിക്കുന്നില്ല. സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരത്തിലെത്തുക എന്നതാണ് കോൺഗ്രസിന്റെ മാനസികാവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, കോൺഗ്രസ് പ്രകടന പത്രികക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രംഗത്തെത്തിയിരുന്നു. കോൺഗ്രസിന്റെ പ്രകടന പത്രികയിലെ ഓരോ പേജിലും ഇന്ത്യയെ ശിഥിലമാക്കാനുള്ള ശ്രമങ്ങളാണ് അലയടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തെ ജനങ്ങളുടെ അഭിലാഷങ്ങൾ മാനിഫെസ്റ്റോയിൽ പ്രതിഫലിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലെ അജ്മിറിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോൺഗ്രസിന്റെ പ്രകടന പത്രികയിലുള്ളത് സ്വാതന്ത്ര്യ സമരകാലത്തെ ലീഗിന്റെ ആശയങ്ങളാണ്. സ്വാതന്ത്ര്യത്തിന് മുൻപ് മുസ്ലീം ലീഗിനുണ്ടായിരുന്ന ചിന്തകളെയാണ് പ്രകടന പത്രികയിൽ പ്രതിഫലിക്കുന്നത്. ലീഗിന്റെ ആശയങ്ങൾ കഴിഞ്ഞാൽ ഇടത് ആശയങ്ങൾക്കാണ് മേധാവിത്വം. ഇന്ത്യയെ പിന്നോട്ട് എത്തിക്കാനാണ് അവർ ആഗ്രഹിക്കുന്നത്. കോൺഗ്രസ് ഒരിക്കലും നാരീശക്തിയെ കുറിച്ച് ആലോചിച്ചിട്ടില്ല. സ്വാതന്ത്ര്യത്തിന് ശേഷവും സ്ത്രീകൾ കഷ്ടപ്പെട്ടുവെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.