തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ റെക്കോർഡ് വിറ്റുവരവിലൂടെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയാകുകയാണ് കെൽട്രോൺ. 2023-24 സാമ്പത്തിക വർഷത്തിൽ 643 കോടി രൂപയാണ് കമ്പനിയുടെ വിറ്റുവരവ് രേഖപ്പെടുത്തിയിരിക്കുന്നത്. മന്ത്രി പി രാജീവാണ് ഇക്കാര്യം അറിയിച്ചത്. 2021-22 സാമ്പത്തിക വർഷത്തിൽ നേടിയ 520 കോടിയുടെ വിറ്റുവരവ് റെക്കോർഡ് ഇതോടെ കമ്പനി മറികടന്നു. നിരവധി വെല്ലുവിളികൾക്കിടയിലാണ് കെൽട്രോൺ ഈ അഭിമാനാർഹമായ ബിസിനസ് നേട്ടം ഉണ്ടാക്കിയതെന്ന് മന്ത്രി പറഞ്ഞു.
സബ്‌സിഡിയറി കമ്പനികളായ കണ്ണൂരിലെ കെ സി സി എൽ (104 കോടി രൂപ), മലപ്പുറത്തെ കെ ഇ സി എൽ (30 കോടി രൂപ) എന്നിവ ഉൾപ്പെടെ കെൽട്രോൺ ഗ്രൂപ്പ് കമ്പനികൾ 777 കോടി രൂപയുടെ വിറ്റു വരവും 59 കോടി രൂപ പ്രവർത്തന ലാഭവുമുണ്ടാക്കിയിട്ടുണ്ട്. മുൻ സാമ്പത്തിക വർഷത്തെ വിറ്റുവരവായ 582 കോടി രൂപയിൽ നിന്നും 33 ശതമാനം വർദ്ധനവ് നേടിയെടുക്കാൻ കെൽട്രോൺ ഗ്രൂപ്പിന് ഈ വർഷം സാധിച്ചുവെന്ന് മന്ത്രി അറിയിച്ചു.
പദ്ധതികൾ ആവിഷ്‌ക്കരിക്കുന്നതിലും സമയബന്ധിതമായി പൂർത്തീകരിക്കുന്നതിലും മാനേജ്മെന്റ് സ്വീകരിച്ചിരുന്ന കൃത്യമായ നടപടികളും കെൽട്രോണിലെ എല്ലാ യൂണിറ്റിലെയും ജീവനക്കാരുടെ പ്രതിബദ്ധതയും കൂട്ടായ പരിശ്രമങ്ങളുമാണ് കമ്പനിയുടെ ഈ നിറവാർന്ന നേട്ടം സാദ്ധ്യമാക്കിയത്. ഈ നേട്ടത്തിനായി പ്രയത്‌നിച്ച എല്ലാവരെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

