ടിടിഇ വിനോദിന്റെ കൊലപാതകം; എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്

തൃശൂർ: ടിടിഇ വിനോദിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട എഫ്‌ഐആർ റിപ്പോർട്ട് പുറത്ത്. പ്രതി രജനീകാന്ത് കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയാണ് ടി ടി ഇയെ തള്ളിയിട്ടതെന്നാണ് എഫ് ഐ ആറിൽ പറയുന്നത്. ഐ പി സി 302 അടക്കമുള്ള വകുപ്പുകൾ പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്നലെ വൈകുന്നേരമാണ് വിനോദി കൊല്ലപ്പെട്ടത്.

മുളങ്കുന്നത്ത് കാവ് സ്റ്റേഷൻ പിന്നിട്ടപ്പോഴാണ് പ്രതിയോട് ടിടിഇ ടിക്കറ്റ് ചോദിച്ചത്. എസ് 11 കോച്ചിലെ വാതിലിന് സമീപമായിരുന്നു ടിടിഇ നിന്നത്. പ്രതി പിന്നിൽ നിന്ന് രണ്ട് കൈകൾ കൊണ്ടും വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്ന് എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

രജനീകാന്ത് മദ്യലഹരിയിലായിരുന്നുവെന്നും വിനോദിനോട് പ്രശ്‌നമുണ്ടാക്കിയെന്നും ദൃക്‌സാക്ഷി ഇസ്മയിൽ ഒരു മാദ്ധ്യമത്തോട് പറഞ്ഞു. വിനോദ് ടിക്കറ്റ് ചോദിച്ചതും പ്രതി തെറി വിളിച്ചു. തെറി വിളിക്കുന്നത് നിർത്താതായതോടെ ടി ടി ഇ പാലക്കാട് റെയിൽവേ സ്റ്റേഷനുമായി ബന്ധപ്പെട്ടു. തന്നെപ്പറ്റിയാണ് ഫോണിൽ സംസാരിക്കുന്നതെന്ന് മനസിലാക്കിയതോടെയാണ് ഇയാൾ വിനോദിനെ തള്ളിയിട്ടത്. വിവരം പുറത്തുപറഞ്ഞാൽ തന്നെ മർദിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇസ്മയിൽ വെളിപ്പെടുത്തി.