തായ്‌വാനിൽ അതിശക്തമായ ഭൂചലനം; ഏഴു മരണം, 700ലധികം പേർക്ക് പരിക്ക്

തായ്‌പേയ് സിറ്റി: തായ്‌വാനിൽ അതിശക്തമായ ഭൂചലനം. ഏഴുപേരാണ് ഭൂചലനത്തിൽ മരിച്ചത്. റിക്ടർ സ്‌കെയിലിൽ 7.4 തീവ്രതയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 700ലധികംപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ഭൂചലനത്തിന്റെ ഭാഗമായി ജപ്പാനിലെ യോനാഗുനി ദ്വീപിൽ സുനാമിയുണ്ടായി. ഇന്ന് രാവിലെ 7.58ന് ഹുവാലിയനിൽ നിന്ന് 18 കിലോമീറ്റർ തെക്ക് – പടിഞ്ഞാറായാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രകോപനം 11.8 കിലോമീറ്ററോളം അനുഭവപ്പെട്ടു. വരുന്ന നാല് ദിവസങ്ങളിൽ തുടർചലനങ്ങൾ പ്രതീക്ഷിക്കുന്നുവെന്നും അതിന് 6.5 മുതൽ 7.0 വരെ തീവ്രതയുണ്ടാകുമെന്നുമാണ് തായ്വാനിലെ സെൻട്രൽ വെതർ അഡ്മിനിസ്ട്രേഷൻ മുന്നറിയിപ്പ് നൽകുന്നത്.

ഭൂകമ്പത്തിന്റെ പ്രഭവ കേന്ദ്രമായ ഹുവാലിയൻ കൗണ്ടിയിൽ നാലുപേർ കൊല്ലപ്പെട്ടുവെന്നാണ് തായ്വാൻ സർക്കാർ അറിയിച്ചത്. 26 കെട്ടിടങ്ങൾ ഭൂകമ്പത്തിൽ തകർന്നു. ഇതിൽ ഭൂരിഭാഗവും കൗണ്ടിയിലാണ്. തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങിയ 20ഓളം പേരെ രക്ഷിക്കാനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഹുവാലിയനിൽ അഞ്ച് നില കെട്ടിടത്തിന്റെ ഒരു നില പൂർണമായും തകർന്നു. ഇപ്പോൾ കെട്ടിടം 45 ഡിഗ്രി ചരിഞ്ഞു നിൽക്കുകയാണ്. സമൂഹ മാദ്ധ്യമങ്ങളിൽ ഇതിന്റെ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിക്കുകയാണ്.