അനധികൃത ലോൺ ആപ്പുകളുടെ നിയന്ത്രണം; പുതിയ സംവിധാനവുമായി റിസർവ് ബാങ്ക്

ന്യൂഡൽഹി: അനധികൃത ലോൺ ആപ്പുകൾ നിയന്ത്രിക്കാൻ പുതിയ സംവിധാനവുമായി റിസർവ് ബാങ്ക്. നിരവധി പേർക്കാണ് ഇത്തരം ലോൺ ആപ്പുകളിലൂടെ പണം നഷ്ടമായത്. സൈബർ തട്ടിപ്പുകളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ആർബിഐ പുതിയ സംവിധാനം അവതരിപ്പിക്കുന്നത്. ഡിജിറ്റൽ ഇന്ത്യ ട്രസ്റ്റ് ഏജൻസി അഥവാ ഡിജിറ്റ എന്ന പേരിലുള്ള സംവിധാനമാണ് ആർബിഐ രാജ്യത്ത് അവതരിപ്പിക്കുന്നത്.

അനധികൃത ലോൺ ആപ്പുകളെ തടയാൻ ഡിജിറ്റ സംവിധാനത്തിന് കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇത്തരം ആപ്പുകളുടെ ആധികാരികത പരിശോധിക്കുന്ന ഒരു ഏജൻസിയായി ഡിജിറ്റ പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏജൻസിയുടെ നിലവാര പരിശോധനയിൽ പരാജയപ്പെടുന്ന ആപ്പുകളെ അനധികൃതമെന്ന് മുദ്രകുത്തും. അനധികൃത ലോൺ ആപ്പുകളെക്കുറിച്ച് അന്വേഷണം നടത്താനുള്ള അധികാരവും ഡിജിറ്റയ്ക്ക് ഉണ്ടായിരിക്കുമെന്നും ആർബിഐ വൃത്തങ്ങൾ വ്യക്തമാക്കി.

വെരിഫിക്കേഷൻ നടത്തുന്നത് ഡിജിറ്റൽ മേഖലയിൽ കൂടുതൽ സുതാര്യത കൈവരിക്കാനും ഓൺലൈൻ പേയ്മെന്റുകൾ സുരക്ഷിതമാക്കാനും സഹായിക്കും. ഡിജിറ്റ രംഗത്തെത്തുന്നതോടെ ഇത്തരം ലോൺ ആപ്പുകളുടെ തട്ടിപ്പുകൾ തടയാൻ സാധിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.