ന്യൂഡൽഹി: കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് വർഗ്ഗീയ ശക്തികളുടെ പിന്തുണയോടെ ഇന്ത്യ വിരുദ്ധ പ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ യുഡിഎഫിന് എസ്ഡിപിഐ (സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) പിന്തുണ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
കോൺഗ്രസിനെ എസ്ഡിപിഐ പിന്തുണയ്ക്കുന്നത് കണ്ടിട്ട് തനിക്ക് അദ്ഭുതമൊന്നും തോന്നുന്നില്ല. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇന്ത്യവിരുദ്ധ പ്രചരണങ്ങളെ പാർട്ടി പിന്തുണയ്ക്കുകയാണ്. എസ്ഡിപിഐ പിന്തുണ തേടുന്നതിലൂടെ ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വാസമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് അവരെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ പരമാധികാരത്തിൽ വിശ്വാസമില്ലാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കർണാടകയിലെ രാമനഗരയിലെ റോഡ് ഷോയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള പിന്തുണ ഈ റോഡ് ഷോ കാണിക്കുന്നു. തങ്ങളുടെ സ്ഥാനാർത്ഥികൾ വലിയ ഭൂരിപക്ഷം നേടി വിജയിക്കും. മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ലോകത്തിലെ അഞ്ചാമത്തെ സാമ്പത്തിക ശക്തിയായി മാറി. വീണ്ടും അദ്ദേഹം പ്രധാനമന്ത്രി പദത്തിലെത്തിയാൽ ഇന്ത്യ ഈ പട്ടികയിൽ മൂന്നാം സ്ഥാനത്തെത്തുമെന്ന് അമിത് ഷാ കൂട്ടിച്ചേർത്തു.

