മുഴുവന്‍ വിവിപാറ്റ് സ്ലിപ്പുകളും എണ്ണണം; തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി

ന്യൂഡൽഹി: തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ച് സുപ്രീം കോടതി. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണുമ്പോൾ ഇലക്ട്രോണിക് വോട്ടിങ് മെഷീനൊപ്പം (ഇ.വി.എം) 100 ശതമാനം വോട്ടർ വെരിഫൈഡ് പേപ്പർ ഓഡിറ്റ് ട്രയൽ (വി.വി.പാറ്റ്) രസീതുകൾ കൂടി എണ്ണണം എന്ന ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള ഹർജിയിലാണ് സുപ്രീം കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസ് സന്ദീപ് മെഹ്ത എന്നിവരടങ്ങുന്ന ബെഞ്ചിന്റേതാണ് നടപടി.

നിലവിൽ ലോക്സഭാ മണ്ഡലത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലേയും തിരഞ്ഞെടുക്കുന്ന അഞ്ച് ഇ.വി.എമ്മുകളിലെ വി.വി.പാറ്റ് സ്ലിപ്പുകൾ മാത്രമാണ് എണ്ണുന്നത്. ഇതിന് പകരം എല്ലാ വോട്ടിങ് മെഷീനൊപ്പവും ഉള്ള വിവിപാറ്റുകളിലേയും സ്ലിപ്പുകൾ എണ്ണണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടിരിക്കുന്നത്. സമാനമായ ആവശ്യം ഉന്നയിച്ച് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എ.ഡി.ആർ) സമർപ്പിച്ച ഹർജിയും സുപ്രീം കോടതിയിലുണ്ട്. ഈ ഹർജിയും ടാഗ് ചെയ്തുകൊണ്ടാണ് ബെഞ്ച് ഉത്തരവിറക്കിയിരിക്കുന്നത്.

ഒന്നിന് പിന്നാലെ മറ്റൊന്ന് എന്ന ക്രമത്തിൽ വേണം വി.വി.പാറ്റ് എണ്ണാൻ എന്ന തിരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗനിർദേശത്തേയും ഹർജിയിൽ ചോദ്യം ചെയ്തിട്ടുണ്ട്. ഇത് അനാവശ്യമായ കാലതാമസം ഉണ്ടാക്കുമെന്നും ഒരേസമയം കൂടുതൽ വി.വി.പാറ്റ് വോട്ടുകൾ എണ്ണാൻ അനുവദിക്കുകയും വോട്ടെണ്ണാനായി ഓരോ മണ്ഡലത്തിലും കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കുകയും ചെയ്താൽ അഞ്ചോ ആറോ മണിക്കൂർ കൊണ്ട് മുഴുവൻ വി.വി.പാറ്റ് വോട്ടുകളും എണ്ണാൻ കഴിയുമെന്ന് ഹർജിയിൽ പറയുന്നു.