പിലിബിത്തിൽ വരുൺ ഗാന്ധിക്ക് സീറ്റ് നിഷേധിച്ച സംഭവം; പ്രതികരണവുമായി മേനകാ ഗാന്ധി

സുൽത്താൻപുർ: ഉത്തർപ്രദേശിലെ പിലിബിത്തിൽ വരുൺ ഗാന്ധിക്ക് ബിജെപി സീറ്റ് നിഷേധിച്ചതിൽ മാദ്ധ്യമങ്ങളുടെ ചോദ്യത്തിൽ പ്രതികരിച്ച് മേനക ഗാന്ധി. വരുൺ ഗാന്ധിയുടെ തുടർ നടപടികളെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു മേനക ഗാന്ധിയുടെ പ്രതികരണം. അദ്ദേഹം എന്താണ് ചെയ്യാൻ പോകുന്നതെന്ന് അദ്ദേഹത്തോട് ചോദിക്കൂവെന്ന് മേനക ഗാന്ധി പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം ഇതു തങ്ങൾ പരിഗണിക്കും. സമയമുണ്ടെന്നും മേനക ഗാന്ധി വ്യക്തമാക്കി.

ബിജെപിയിലായതിൽ താൻ വളരെ സന്തോഷവതിയാണ്. തനിക്ക് മത്സരിക്കാൻ അവസരം തന്നതിന് അമിത് ഷായ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ജെ പി നഡ്ഡയ്ക്കും നന്ദി. വളരെ വൈകിയാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത്. താൻ എവിടെ മത്സരിക്കണം എന്ന ആശയക്കുഴപ്പം ഉണ്ടായിരുന്നു. പിലിബിത്തിൽ നിന്നു വേണോ സുൽത്താൻപുരിൽ നിന്നു വേണോ എന്ന കാര്യത്തിലായിരുന്നു ആശയക്കുഴപ്പം. പാർട്ടി ഇപ്പോൾ എടുത്ത തീരുമാനത്തിന് നന്ദിയുണ്ടെന്നും മേനകാ ഗാന്ധി അറിയിച്ചു.

ഒരു എംപിയും വീണ്ടും ജയിക്കാത്ത ചരിത്രമാണ് ഈ സ്ഥലത്തിന് ഉള്ളത് എന്നതിനാൽ സുൽത്താൻപൂരിൽ തിരിച്ചെത്തിയതിൽ അതിയായ സന്തോഷമുണ്ടെന്നും മേനക ഗാന്ധി കൂട്ടിച്ചേർത്തു.