തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് മാത്രമായി ആരംഭിച്ച കെഎസ്ആർടിസി സ്വിഫ്റ്റിനെ സ്വതന്ത്രകമ്പനി പദവിയിൽ നിന്നു മാറ്റാൻ പദ്ധതിയിട്ട് ഗതാഗത വകുപ്പ്. ഇതുസംബന്ധിച്ച ആലോചനകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. പുതുതായി വാങ്ങുന്ന ബസുകളുടെ ആദ്യ ബാച്ച് സ്വിഫ്റ്റിന് നൽകുന്നതിനു പകരം കെഎസ്ആർടിസിക്ക് നൽകാനാണ് തീരുമാനം.
സ്വിഫ്റ്റ് ആണ് 2023 ലെ പൊതുമേഖല സ്ഥാപനങ്ങളുടെ പ്രവർത്തന റിപ്പോർട്ട് പ്രകാരം ലാഭത്തിലുള്ള ഏക പൊതുമേഖല ഗതാഗത സംവിധാനം. തിരഞ്ഞെടുപ്പിനു ശേഷമായിരിക്കും ‘സ്വിഫ്റ്റ്’ അഴിച്ചുപണിയുന്നതു സംബന്ധിച്ച പദ്ധതിക്ക് അന്തിമരൂപം നൽകും.സ്വിഫ്റ്റ് ആരംഭിച്ചത് 2022 ഫെബ്രുവരിലാണ്.
കെഎസ്ആർടിസിയിലെ സേവന വേതന വ്യവസ്ഥകളിൽ ദീർഘദൂര ബസുകൾ ഓടിക്കുമ്പോൾ പ്രവർത്തനച്ചെലവ് കൂടും. ഇതൊഴിവാക്കാൻ കരാർ ജീവനക്കാരെയാണ് സ്വിഫ്റ്റിൽ നിയോഗിച്ചിട്ടുള്ളത്. ബസുകളുടെ അറ്റകുറ്റപ്പണിക്ക് നിർമ്മാതാവിന് തന്നെ കരാർ നൽകുക വഴി ചെലവ് കുറയ്ക്കുകയും ചെയ്തു. ജീവനക്കാരെ സ്വിഫ്റ്റിൽ നിന്നു കെ.എസ്.ആർ.ടി.സിയിലേക്കും തിരിച്ചും മാറ്റും, ദീർഘദൂര ബസുകളുടെ ഓൺലൈൻ ബുക്കിംഗ് പഴയപടി കെഎസ്ആർടിസിക്ക്, കണ്ടക്ടർ കം ഡ്രൈവർ സംവിധാനത്തിലും മാറ്റം തുടങ്ങിയവയായിരിക്കും പുതിയ പരിഷ്ക്കരണങ്ങൾ.

