തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളവും വിരമിച്ച ജീവനക്കാരുടെ പെൻഷനും വിതരണം ചെയ്യുന്നത് ആരംഭിച്ചു. പെൻഷൻകാരുടെ മൂന്നാം പെൻഷൻ പരിഷ്‌ക്കരണ കുടിശികയും വിതരണം ആരംഭിച്ചു. ഇനി ഒരു ഗഡുവാണ് ശേഷിക്കുന്നത്. 70,000ലധികം ബില്ലുകൾ സംസ്ഥാനത്ത് മാറാതെ കെട്ടിക്കിടക്കുന്നുണ്ടെന്നാണ് വിവരം.
കൂടുതലും തദ്ദേശ സ്ഥാപനങ്ങളുടേതാണ്. സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസങ്ങളിൽ ബില്ലുകൾ ഇ സബ്മിഷൻ ചെയ്യാൻ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. 5 ലക്ഷത്തിന് മുകളിലുള്ള ബില്ലുകൾ മാറുന്നതിനും നിയന്ത്രണം ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ചെലവുകൾക്കുള്ള ബില്ലുകൾ മാറിനൽകുന്നില്ലെന്ന് ചില ജില്ലകളിൽ നിന്ന് പരാതി ഉയർന്നു. എന്തെങ്കിലും തടസമുണ്ടെങ്കിൽ ഉടൻ പരിഹരിക്കുമെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
പുതിയ സാമ്പത്തിക വർഷം ആരംഭിച്ചതോടെ ബില്ലുകൾ തടസമില്ലാതെ മാറി നൽകാൻ സർക്കാരിനു കഴിയും. 40,000 കോടി രൂപ ഈ വർഷം കടമെടുക്കാനാകുമെന്നാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നത്. കേന്ദ്ര അനുമതി ലഭിക്കുന്നതുവരെ റിസർവ് ബാങ്കിൽ നിന്ന് കടമെടുക്കാനാകും. സാമ്പത്തിക വർഷത്തിന്റെ ആരംഭത്തിലാണ് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതവും ലഭിക്കുന്നത്. ഇക്കാരണങ്ങളാൽ നിലവിൽ സർക്കാരിനു മുന്നിൽ വലിയ പ്രതിസന്ധികളില്ല.

