ബർലിൻ: പ്രായപൂർത്തിയായവർക്ക് സ്വന്തം ഉപയോഗത്തിനായി 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും 50 ഗ്രാം വരെ വീട്ടിൽ സൂക്ഷിക്കാനും അനുമതി നൽകുന്ന നിയമം ജർമനിയിൽ പ്രാബല്യത്തിൽ. ഇന്നു മുതലാണ് നിയമം പ്രാബല്യത്തിൽ വന്നത്. നിയമം പ്രാബല്യത്തിൽ വന്നതോടെ രാജ്യത്ത് പ്രായപൂർത്തിയായവർക്ക് 25 ഗ്രാം വരെ കഞ്ചാവ് കൈവശം വെയ്ക്കാനും വീട്ടിൽ മൂന്ന് കഞ്ചാവ് ചെടികൾ വരെ വളർത്താനും കഴിയും.
കുട്ടികളുടെ ദൃഷ്ടിയിൽ പെടാത്തതോ കായിക സൗകര്യങ്ങൾക്ക് സമീപമോ ഇല്ലാത്തിടത്തോളം കാലം പൊതു ഉപയോഗം അനുവദിക്കും. പ്രത്യേക കഞ്ചാവ് ക്ലബ്ബുകൾക്ക് ജൂലൈ 1 മുതൽ പരിമിതമായ അടിസ്ഥാനത്തിൽ കഞ്ചാവ് വളർത്താനും വാങ്ങാനും അനുവദിക്കും. 500 അംഗങ്ങൾ വരെ ക്ലബ്ബുകളിൽ ഉണ്ടാകാം.
അതേസമമയം, പ്രായപൂർത്തിയാകാത്തവർക്ക് ജർമ്മനിയിൽ കഞ്ചാവ് നിരോധനം തുടരും. നിയമം നടപ്പാക്കുന്നതിനെതിരെ ജർമൻ പൊലീസ് യൂണിയൻ നിലപാട് സ്വീകരിച്ചിരുന്നു. പോർച്ചുഗൽ, സ്‌പെയിൻ, സ്വിറ്റ്‌സർലൻഡ്, ചെക്ക് റിപ്പബ്ലിക്ക്, ബെൽജിയം, നെതർലാൻഡ്‌സ് തുടങ്ങിയ രാജ്യങ്ങളിൽ ചെറിയ അളവിൽ കഞ്ചാവ് ഉപയോഗിക്കുന്നതിന് നേരത്തെ അനുമതി ലഭിച്ചിട്ടുണ്ട്.

