ന്യൂഡൽഹി: ബിജെപിക്കെതിരെ ആരോപണവുമായി ആം ആദ്മി നേതാവും മന്ത്രിയുമായ അതിഷി മർലീന. ഡൽഹി സർക്കാരിനെ ഇല്ലാതാക്കാൻ ബിജെപി അട്ടിമറി ശ്രമം നടത്തുന്നെന്ന് അതിഷി പറഞ്ഞു. ബിജെപിയിൽ ചേരാൻ കടുത്ത സമ്മർദമുണ്ടെന്നും ഈ ആവശ്യവുമായി സുഹൃത്ത് വഴി ബിജെപി തന്നെ സമീപിച്ചെന്ന ആരോപണവും അതിഷി മുന്നോട്ടുവെച്ചു.
രാഷ്ട്രീയഭാവി സുരക്ഷിതമാക്കാം എന്നായിരുന്നു ലഭിച്ച ഓഫർ. ബിജെപിയിൽ ചേർന്നില്ലെങ്കിൽ ഒരു മാസത്തിനുള്ളിൽ ഇഡി അറസ്റ്റ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. ആം ആദ്മി പിളരില്ല. ഭീഷണിപ്പെടുത്തിയാലും ബിജെപിയിൽ ചേരില്ല. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് തന്നെയും സൗരവ് ഭരദ്വാജ്, രാഘവ് ചദ്ദ, ദുർഗേജ് പാഠക് എന്നിവരെയും അറസ്റ്റ് ചെയ്യാനുള്ള നീക്കം നടക്കുകയാണെന്ന് അതിഷി അറിയിച്ചു.
ആം ആദ്മി നേതാക്കളെ വിലയ്ക്കെടുക്കാൻ ബിജെപി ശ്രമം ആരംഭിച്ചെന്ന് നേരത്തെ എഎപി നേതാവ് ഋതുരാജ് ഝായും ആരോപിച്ചിരുന്നു. പത്ത് എഎപി എംഎൽഎമാരെ അടർത്തിയെടുത്ത് കൊണ്ടുവന്നാൽ ഓരോരുത്തർക്കും 25 കോടി രൂപ വീതം നൽകാമെന്ന് ബിജെപി വാഗ്ദാനം ചെയ്തെന്ന് ഝാ ആരോപിച്ചു.

