വ്യക്തിപരമായി തന്നെ അപമാനിച്ചു; സത്യഭാമയ്ക്ക് എതിരെ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശൂർ: നർത്തകി സത്യഭാമയ്ക്ക് എതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലെ വിവാദ പരാമർശങ്ങൾക്കെതിരെയാണ് പരാതി.

ചാലക്കുടി ഡിവൈഎസ്പിയ്ക്കാണ് ആർഎൽവി രാമകൃഷ്ണൻ പരാതി നൽകിയത്. വ്യക്തിപരമായി തന്നെ അപമാനിച്ചെന്നാണ് പരാതിയിൽ വ്യക്തമാക്കിയിരിക്കുന്നത്. അഭിമുഖം നൽകിയത് വഞ്ചിയൂരിലായതിനാൽ പരാതി കൈമാറുമെന്ന് ചാലക്കുടി പൊലീസ് അറിയിച്ചു.

ഒരു യൂട്യൂബ് ചാനൽ അഭിമുഖത്തിനിടെയാണ് സത്യഭാമ ആർഎൽവി രാമകൃഷ്ണനെ വംശീയ അധിക്ഷേപം നടത്തുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയത്. ആർഎൽവി രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കിൽ അത്രയും സൗന്ദര്യമുള്ളവരായിരിക്കണമെന്നും സത്യഭാമ പറഞ്ഞിരുന്നു. ഒരു പുരുഷൻ കാല് കവച്ചുവച്ച് മോഹിനിയാട്ടം കളിക്കുകയെന്നാൽ അത് അരോചകമാണ്. ഇവനെ കണ്ടാൽ ദൈവമോ പെറ്റ തള്ളയോ പോലും സഹിക്കില്ല തുടങ്ങിയ പരാമർശങ്ങളും നടത്തിയിരുന്നു. പരാമർശം വിവാദമായതിന് പിന്നാലെ സത്യഭാമക്കെതിരെ വലിയ വിമർശനമാണ് ഉയർന്നത്.

പരാമർശം വിവാദമായതിന് പിന്നാലെ പ്രതികരണവുമായി സത്യഭാമ രംഗത്തെത്തിയിരുന്നു. ആരേയും അധിക്ഷേപിക്കാൻ ഉദ്ദേശിച്ചായിരുന്നില്ലെന്നും പറഞ്ഞ കാര്യങ്ങൾ വ്യാഖ്യാനിച്ചതിലെ പ്രശ്‌നമാണെന്നുമാണെന്നും സത്യഭാമ വ്യക്തമാക്കി. പരാമർശത്തിൻറെ പേരിൽ അതിരൂക്ഷമായ സൈബർ ആക്രമണം നേരിടുകയാണെന്നും വ്യക്തിപരമായി മാത്രമല്ല കുടുംബത്തേയും കടന്നാക്രമിക്കുകയാണെന്നും സത്യഭാമ പറഞ്ഞിരുന്നു.