തിരുവനന്തപുരത്തെ വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ ഹബ്ബ് ആക്കി മാറ്റും; രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു വിദ്യാഭ്യാസ, ഗവേഷണ, ഇന്നൊവേഷൻ ഹബ്ബ് ആക്കി മാറ്റണമെന്ന ചിന്തയുണ്ടെന്ന് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ. തിരുവനന്തപുരത്ത് പഠിച്ചതാണെന്ന് ഓരോ യുവാക്കളും അഭിമാനത്തോടെ പറയുന്ന കാലം തിരിച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അഞ്ചുവർഷത്തിനകം തിരുവനന്തപുരത്തെ മുൻനിര വിജ്ഞാന നഗരമാക്കി മാറ്റുകയാണ് ലക്ഷ്യം. പുണ്യ വികസനം കൂടി സാദ്ധ്യമാക്കുന്ന പുതിയ വിദ്യാഭ്യാസ മാതൃക സ്‌കൂൾ തലം തൊട്ട് നടപ്പിലാക്കുമെന്നും വിദ്യാഭ്യാസ വികസന സാദ്ധ്യതകളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. തിരുവനന്തപുരത്തെ ഭാവിയെന്ത് എന്നതിനെക്കുറിച്ച് രക്ഷിതാക്കൾ, വിദ്യാർത്ഥികൾ, അക്കാദമിക് രംഗത്തുളളവർ തുടങ്ങിയവരുമായി നടത്തിയ ചർച്ചയ്ക്ക് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

എംപിയായി വിജയിച്ചാൽ ഇക്കാര്യങ്ങൾ നടപ്പിലാക്കുമെന്ന് നേരത്തെയും രാജീവ് ചന്ദ്രശേഖർ അറിയിച്ചിരുന്നു. അറിവിനൊപ്പം നൈപുണ്യ വികസനം കൂടി സാധ്യമാക്കുന്ന വിദ്യാഭ്യാസ രീതി പുതിയ കാലത്ത് അനിവാര്യമാണ്. സ്‌കൂൾ തലം തൊട്ട് തന്നെ മാറ്റങ്ങളാരംഭിക്കണം. നഗരത്തിലെ 30 സ്‌കൂളുകളെ മികവുറ്റ സ്‌ക്കൂളുകളാക്കുമെന്നും ക്രമേണ ഗ്രാമങ്ങളിലെ സ്‌കൂളുകളിലേക്കും ഈ വികസനം വ്യാപിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.