കടപ്പത്ര ലേലം; കേരളം 4,866 കോടി രൂപ കടമെടുക്കും

ന്യൂഡൽഹി: കേരളം ചൊവ്വാഴ്ച കടപ്പത്ര ലേലത്തിലൂടെ 4,866 കോടി രൂപ കടമെടുക്കും. ഈ സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസമാണ് ഇന്ന്. സുപ്രീം കോടതി വിധി അനുകൂലമായാലും ഈ സാമ്പത്തിക വർഷം അധിക കടമെടുക്കാൻ കേരളത്തിന് കഴിയില്ലെന്നാണ് റിപ്പോർട്ട്.

60,032.49 കോടി രൂപയാണ് സാമ്പത്തിക വർഷത്തിലെ അവസാന കടമെടുപ്പ് ദിവസത്തിൽ സംസ്ഥാനങ്ങൾ കടമെടുപ്പിലൂടെ സമാഹരിക്കുന്നത്. ഉത്തർപ്രദേശ് സർക്കാർ ആണ് ഇന്ന് ഏറ്റവും അധികം തുക കടമെടുക്കുന്നത് 10,500 കോടി രൂപയാണ് ഉത്തർപ്രദേശ് കടമെടുക്കുന്നത്. മഹാരാഷ്ട്ര സർക്കാർ 8,000 കോടി രൂപ കടമെടുക്കും.

4866 കോടി രൂപ കടമെടുക്കാനുള്ള അനുമതി കേരളത്തിന് കേന്ദ്രം നൽകിയിരിക്കുന്നത് വൈദ്യുതി മേഖലയിലെ പരിഷ്‌ക്കാരങ്ങൾ നടപ്പാക്കുന്നതിന്റെ ഭാഗമായാണ്. ഈ സാമ്പത്തിക വർഷം 10000 കോടി അധിക കടമെടുക്കാനുള്ള അനുമതി തേടി കേരളം നൽകിയ ഹർജിയിൽ വാദം പൂർത്തിയായെങ്കിലും ഇതുവരെ വിധി വന്നിട്ടില്ല. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥൻ എന്നിവർ അടങ്ങിയ ബെഞ്ചാണ് കേസിൽ വാദം കേട്ടത്. ഇനി അനുകൂല വിധി ഉണ്ടായാലും ഈ സാമ്പത്തിക വർഷം കേരളത്തിന് കടമെടുക്കാൻ സാധിക്കില്ല എന്നാണ് സർക്കാർ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്.