തൃശൂർ:: ലോകസഭാ തിരഞ്ഞെടുപ്പിൽ എതെങ്കിലും പ്രത്യേക സ്ഥാനാർഥിക്ക് അനുകൂലമായി വോട്ട് ചെയ്യുന്നതിന് വോട്ടർമാർക്ക് പണമോ, പാരിതോഷികമോ, മദ്യമോ, മറ്റ് സാധന സാമഗ്രികളോ വിതരണം ചെയ്യുന്നത് ശിക്ഷാർഹമാണെന്ന് മുന്നറിയിപ്പ് നൽകി അധികൃതർ. ഇത്തരം പ്രവർത്തികൾ 1951 ലെ ജന പ്രാതിനിധ്യ നിയമം വകുപ്പ് 123, ഇന്ത്യൻ ശിക്ഷ നിയമങ്ങൾ അനുസരിച്ച് ശിക്ഷാർഹമായ കുറ്റമാണെന്ന് അധികൃതർ അറിയിച്ചു.
പോളിങ് കഴിയുന്നത് വരെ വാഹനങ്ങളിൽ കൊണ്ടുപോകുന്ന പണം, മദ്യം, ആയുധങ്ങൾ, ആഭരണങ്ങൾ, സമ്മാനങ്ങൾ പോലുള്ള സാമഗ്രികൾ എന്നിവ സംബന്ധിച്ച് ഉദ്യോഗസ്ഥർ കർശനമായ പരിശോധന നടത്തും. പരിശോധനകൾ നടത്തുന്നതിനായി തൃശൂർ ജില്ലയിൽ ഫ്ളയിംഗ് സ്‌ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്.
50,000 രൂപയിൽ കൂടുതൽ ഉള്ള പണം, മൊത്തമായി കൊണ്ടു പോകുന്ന വസ്ത്രങ്ങൾ, ആഭരണങ്ങൾ, മറ്റ് സാമഗ്രികൾ സംബന്ധിച്ച് മതിയായ രേഖകൾ എല്ലാ യാത്രക്കാരും കൈവശം കരുതണമെന്നും പൊതുജനങ്ങൾ പരിശോധനയിൽ ജില്ലാ ഭരണകൂടവുമായി സഹകരിക്കണമെന്നും എക്സ്റ്റെൻഡിച്ചർ മോണിറ്ററിംഗ് വിങ് നോഡൽ ഓഫീസറായ ഫിനാൻസ് ഓഫീസർ വ്യക്തമാക്കി.
അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പുമായി ബന്ധപെട്ട എല്ലാ തരത്തിലുള്ള അനുമതികൾക്കും തിരഞ്ഞെടുപ്പ് കമ്മിഷൻ വെബ്സൈറ്റായ https://suvidha.eci.gov.in ലൂടെ അപേക്ഷിക്കാം. സ്ഥാനാർഥികൾ, സ്ഥാനാർഥി പ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തിരഞ്ഞെടുപ്പ് ഏജന്റുമാർ, മറ്റുള്ളവർ എന്നിവർക്ക് വിവിധ ആവശ്യങ്ങൾക്കായി അപേക്ഷിക്കാം. മൊബൈൽ നമ്പർ നൽകി ഒ.ടി.പി വേരിഫിക്കേഷൻ പൂർത്തിയാക്കി സൈറ്റിൽ രജിസ്റ്റർ ചെയ്യണം.
യോഗങ്ങൾ, ജാഥകൾ നടത്തുന്നതിനുള്ള അനുവാദം, ഉച്ചഭാഷിണിക്കുള്ള അനുമതി, വീഡിയോ വാൻ ഉപയോഗിക്കുന്നതിന് അനുമതി, വാഹനങ്ങൾക്കുള്ള അനുമതി എന്നിങ്ങനെ 27 ഇനങ്ങൾക്കുള്ള അനുമതിക്ക് അപേക്ഷിക്കാൻ വെബ്‌സൈറ്റിൽ സൗകര്യമുണ്ട്. ചില അനുമതികൾക്ക് പോലീസ് ക്ലിയറൻസ് ആവശ്യമാണ്. ഇതിനായി റിട്ടേണിങ് ഓഫീസറിൽ നിന്നും ലഭിക്കുന്ന അനുമതിയുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് ചെലാൻ അടച്ച് പരിപാടികൾ നടത്താം. 48 മണിക്കൂർ മുൻപാണ് അപേക്ഷ നൽകേണ്ടത്. ലോഗിനിൽ മൈ പെർമിഷൻസ് ഓപ്ഷനെടുത്താൽ അപേക്ഷകൻ മുൻപ് നൽകിയ അപേക്ഷകളുടെ റഫറൻസ് നമ്പർ, പെർമിഷൻ ടൈപ്പ്, അപേക്ഷിച്ച ദിവസം, സ്ഥിതിവിവരം ഉൾപ്പടെയുള്ള വിവരങ്ങൾ അറിയാനാകും.

