പൂക്കോട് വെറ്റിനറി കോളേജിലെ റാഗിങ്; 2 വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി

കൊച്ചി: വയനാട് പൂക്കോട് വെറ്റിനറി കോളേജിലെ റാഗിങ്ങിന്റെ പേരിൽ പുറത്താക്കപ്പെട്ട രണ്ട് വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ സ്റ്റേ ചെയ്ത് ഹൈക്കോടതി. 2023ലെ റാഗിംഗിന്റെ പേരിൽ ആന്റി റാഗിംഗ് കമ്മിറ്റി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്ത നടപടിയാണ് സ്റ്റേ ചെയ്തിരിക്കുന്നത്.

പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെയാണ് 2023ലെ റാഗിങ്ങിൽ 2 വിദ്യാർത്ഥികളെ സസ്‌പെൻഡ് ചെയ്തത്. ഈ ഉത്തരവിനെതിരെ നാലാം വർഷ വിദ്യാർത്ഥികളായ അമരേഷ് ബാലിയും അജിത്ത് അരവിന്ദാക്ഷനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ വിദ്യാർത്ഥികൾ കഴിഞ്ഞ വർഷം 2021 ബാച്ചിലെ വിദ്യാർത്ഥിയെ റാഗ് ചെയ്തതായി ആരോപണം ഉയർന്നിരുന്നു. എന്നാൽ അന്വേഷണത്തിൽ ആന്റി റാഗിംഗ് സമിതിക്ക് ഇവർക്കെതിരെ തെളിവുകളോ പരാതിയോ ലഭിച്ചിരുന്നില്ല. റാഗ് ചെയ്യപ്പെട്ടതായി ആരോപിച്ച വിദ്യാർത്ഥിയും പരാതി നൽകിയില്ല. എന്നാൽ സിദ്ധാർത്ഥന്റെ മരണത്തിന് പിന്നാലെ പഴയ ആരോപണത്തിന്റെ പേരിൽ ഈ വിദ്യാർത്ഥികളെ സർവകലാശാല അധികൃതർ ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

അതേസമയം, സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട സസ്‌പെൻഷനിലായിരുന്ന 33 വിദ്യാർത്ഥികൾക്ക് എതിരായ നടപടി പിൻവലിച്ച വൈസ് ചാൻസലറിന്റെ നടപടിയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വിശദീകരണം തേടി. വിദ്യാർഥികൾക്കെതിരായ നടപടി പിൻവലിച്ചതിൽ വിശദീകരണം നൽകണമെന്നാണ് ഗവർണർ ആവശ്യപ്പെട്ടിരിക്കുന്നത്.