ബെയ്ജിംഗ്: ചൈനയും തായ്‌വാനും തമ്മിലുള്ള സംഘർഷം വീണ്ടും വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ഡസൻ കണക്കിന് ചൈനീസ് യുദ്ധവിമാനങ്ങൾ തങ്ങളുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ചുവെന്നാണ് തായ്‌വാന്റെ ആരോപണം. തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. 24 മണിക്കൂറിനുള്ളിൽ 32 ചൈനീസ് സൈനിക വിമാനങ്ങളെങ്കിലും തങ്ങളുടെ പ്രദേശത്ത് കണ്ടെത്തിയെന്നാണ് തായ്‌വാൻ ആരോപിക്കുന്നത്.
ഈ വർഷം ജനുവരി അവസാനം തായ്‌വാൻ ദ്വീപിന് ചുറ്റും 33 ചൈനീസ് യുദ്ധവിമാനങ്ങൾ കണ്ടിരുന്നു. സൈനിക വിമാനത്തിന് പുറമെ അഞ്ച് നാവിക കപ്പലുകളും പ്രവർത്തിക്കുന്നതായി തായ്‌വാൻ ദേശീയ പ്രതിരോധ മന്ത്രാലയം അറിയിച്ചു. പതിമൂന്ന് വിമാനങ്ങൾ തായ്‌വാൻ കടലിടുക്കിന്റെ മധ്യരേഖ കടന്നുവെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ചൈനയുടെ ഈ നടപടിക്കെതിരെ തായ്വാനും നടപടി സ്വീകരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. തായ്‌വാൻ സൈന്യം സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്.

