ന്യൂഡൽഹി: മദ്യ നയക്കേസിൽ ഇഡി അറസ്റ്റിനെതിരെ സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജി ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാൾ. വിചാരണ കോടതിയിൽ അരവിന്ദ് കെജ്രിവാളിനെ ഹാജരാക്കാനിരിക്കുന്ന സാഹചര്യത്തിലാണ് നീക്കം.
വിചാരണ കോടതി റിമാൻഡ് അടക്കമുള്ള നടപടികളിലേക്ക് പോകാൻ സാധ്യതയുള്ള സാഹചര്യത്തിൽ സുപ്രീംകോടതിയിലെ ഹർജി തുടർന്നിട്ട് കാര്യമില്ലെന്ന് കെജ്രിവാളിന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹർജി പിൻവലിച്ചത്. ഹർജി പിൻവലിക്കുകയാണെന്ന് കെജ്രിവാളിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ മനു അഭിഷേക് സിങ്വി കോടതിയിയെ അറിയിച്ചു.
ജസ്റ്റിസ് സഞ്ജയ് ഖന്ന അധ്യക്ഷനായ ജസ്റ്റിസുമാരായ എം എം സുന്ദരേശ്, ബേല ത്രിവേദി എന്നിവരടങ്ങിയ സ്പെഷൽ ബെഞ്ചാണ് എഎപി ഹർജി പരിഗണിച്ചത്. രാവിലെ 10.30ന് കോടതി ആരംഭിച്ചപ്പോൾ തന്നെ മനു അഭിഷേക് സിങ്വി ഹർജി ചീഫ് ജസ്റ്റിസിന്റെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് സ്പെഷ്യൽ ബെഞ്ച് പെറ്റീഷൻ പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഡൽഹി മദ്യനയ അഴിമതി കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്. എൻഫോഴ്സ്മെന്റ് സംഘം കഴിഞ്ഞ ദിവസം കെജ്രിവാളിന്റെ വീട്ടിലെത്തി പരിശോധനകൾ നടത്തിയിരുന്നു. തുടർന്ന് നടന്ന ചോദ്യം ചെയ്യലിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് തടയണമെന്ന ഹർജിയിൽ ഹൈക്കോടതി ഇടപെടാതിരുന്നതിന് പിന്നാലെയായിരുന്നു ഇഡിയുടെ നീക്കം.

