എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നം; കെ സുധാകരൻ

തിരുവനന്തപുരം: എതിർ ശബ്ദങ്ങളെ കള്ളക്കേസുകളിൽ കുടുക്കി ഇല്ലാതാക്കാം എന്നത് ഏകാധിപതികളുടെ സ്വപ്നമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. കേന്ദ്രത്തിൽ നരേന്ദ്രമോദിയും കേരളത്തിൽ പിണറായി വിജയനും പ്രതിപക്ഷ നേതാക്കളെ യാതൊരു അടിസ്ഥാനവുമില്ലാത്ത കേസുകളിൽ പ്രതിചേർത്ത് വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. ഡൽഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഏറ്റവും ഒടുവിലായി പ്രതിപക്ഷ നിരയിലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അന്യായമായി അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. നരേന്ദ്രമോദിയോട് ഇഷ്ടം കാണിക്കുന്ന മുഖ്യമന്ത്രിമാരെ എത്ര അഴിമതികൾ ഉണ്ടെങ്കിലും സംരക്ഷിക്കുകയും എതിർക്കുന്നവരെ മാത്രം അകാരണമായി തുറുങ്കിലടക്കുകയും ചെയ്യുന്ന അധാർമിക രാഷ്ട്രീയമാണ് ബിജെപി നടപ്പിലാക്കുന്നത്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകും ജനാധിപത്യ രീതിയിൽ തന്നെ ഈ ഏകാധിപതികളെ കാലത്തിന്റെ ചവറ്റുകൊട്ടയിൽ ഒഴുക്കും. നരേന്ദ്രമോദി വേട്ടയാടുന്ന ഇന്ത്യാ സഖ്യത്തിന്റെ മുന്നണി പോരാളി അരവിന്ദ് കെജ്രിവാളിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും സുധാകരൻ വ്യക്തമാക്കി.

കേന്ദ്ര അന്വേഷണ ഏജൻസികൾ അന്വേഷണം നടത്തിയിട്ടും ഗുരുതര ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ ചെറുവിരൽ അനക്കാത്തതും മോദിയുടെ ഈ ഇരട്ടസമീപനത്തിന്റെ ഭാഗമാണ്. ഈ അനീതികൾക്കെതിരെ ജനങ്ങളുടെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.