തിരുവനന്തപുരം: സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കേരളത്തിൽ സിപിഎം.-ബിജെപി ബന്ധമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അന്വേഷണങ്ങളെ ഭയപ്പെടുന്ന പിണറായി കേരളത്തിൽ ബിജെപിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുന്നതായും അദ്ദേഹം ആരോപിച്ചു. ആറ്റിങ്ങലിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സിപിഎമ്മും ബിജെപിയും ഒന്നിച്ചാലും തൃശൂരിൽ യുഡിഎഫ് വിജയിക്കും. കേരളത്തിൽ ഒരിടത്തും ബിജെപി രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. സിപിഎം- ബിജെപി എന്നതുപോലെയാണ് നിരാമയ- വൈദേകം റിസോർട്ട്. രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ളതാണ് നിരാമയ റിസോർട്ട് എന്നതിൽ എം വി ഗോവിന്ദന് എന്തെങ്കിലും സംശയമുണ്ടോ. പതിനൊന്ന് കൊല്ലം മുൻപ് കോവളത്ത് നടന്ന നിരാമയ റിസോർട്ട് ഉദ്ഘാടനത്തിൽ രാജീവ് ചന്ദ്രശേഖർ കുടുംബാംഗങ്ങൾക്കൊപ്പം പങ്കെടുത്തിട്ടുണ്ട്. വൈദേകം റിസോർട്ടുമായി ഇ പി ജയരാജനും കുടുംബത്തിനും ബന്ധമുണ്ട്. അഡൈ്വസറാണെന്ന് ജയരാജൻ തന്നെ പറഞ്ഞിട്ടുണ്ട്. റിസോർട്ട് നടത്തിപ്പിന് അഡൈ്വസ് നൽകുന്നതിൽ ജയരാജൻ എന്നാണ് എക്‌സ്പെർട്ടായതെന്ന് വി ഡി സതീശൻ ചോദിക്കുന്നു.
വൈദേകത്തിന്റെ നടത്തിപ്പ് ചുമതല നിരാമയയ്ക്കാണ്. ഇപ്പോൾ ആ സ്ഥാപനത്തിന്റെ പേര് നിരാമയ-വൈദേകം റിസോർട്ട് എന്നാണ്. രാജീവ് ചന്ദ്രശേഖറിനെ കണ്ടിട്ടില്ലെന്നാണ് ഇ പി ജയരാജൻ പറഞ്ഞത്. രാജീവ് ചന്ദ്രശേഖറും ഇ പി ജയരാജനെ കണ്ടിട്ടില്ലെന്ന് പറഞ്ഞിട്ടുണ്ട്. ഇരുവരും തമ്മിൽ കൂടിയാലോചന നടത്തിയെന്ന ആരോപണം തങ്ങളും ഉന്നയിച്ചിട്ടില്ല. പക്ഷെ രണ്ടു പേരുടെയും സ്ഥാപനങ്ങൾ തമ്മിൽ കരാറുണ്ട്. ആ കരാറിനെ തുടർന്നാണ് രണ്ട് സ്ഥാപനങ്ങളും ഒന്നായത്. സിപിഎം- ബിജെപി എന്നുപറയുന്നതു പോലെയാണ് നിരാമയ- വൈദേകം റിസോർട്ട് എന്ന പേര് മാറ്റം. ഇനിയും കൂടുതൽ തെളിവ് വേണമെങ്കിൽ കേസ് കൊടുക്കട്ടെ. കോടതിയിൽ മുഴുവൻ രേഖകളും ഹാജരാക്കാമെന്നും അദ്ദേഹം അറിയിച്ചു.
തൃശൂരിൽ യുഡിഎഫ് സ്ഥാനാർഥി വിജയിക്കും. ബിജെപി അക്കൗണ്ട് തുറക്കില്ല. എവിടെ പോയി കരുവന്നൂരിലെ ഇഡി അന്വേഷണമെന്നും അദ്ദേഹം ചോദിക്കുന്നു. ഇഡിയെ ഉപയോഗിച്ച് സിപിഎമ്മുകാരെ വിരട്ടി നിർത്തിയിക്കുകയാണ്. ബിജെപിയും സിപിഎമ്മും ഒന്നിച്ചാലും തൃശൂരിൽ യുഡിഎഫ്. സ്ഥാനാർഥി വിജയിക്കും. കേരളത്തിൽ ഒരിടത്തും ബി.ജെ.പി. അക്കൗണ്ട് തുറക്കില്ല. രണ്ടാം സ്ഥാനത്ത് പോലും എത്തില്ല. മാസപ്പടി, ലാവലിൻ കേസുകളിലെ അന്വേഷണത്തെ ഭയപ്പെടുന്ന പിണറായി വിജയൻ ബിജെപിക്ക് ഇല്ലാത്ത സ്പേസ് ഉണ്ടാക്കിക്കൊടുക്കാൻ ശ്രമിക്കുകയാണ്. അത് കേരളത്തിൽ നടക്കില്ലെന്നും വി ഡി സതീശൻ വ്യക്തമാക്കി.

