തിരുവനന്തപുരം: സോളാർ സ്ഥാപിച്ചവർക്ക് ഇരുട്ടടി. സോളാർ സ്ഥാപിച്ചവർക്ക് ഗ്രോസ് മീറ്റർ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ നടത്തുകയാണ്. ഇതിൽ എതിർപ്പുണ്ടോ എന്നറിയാൻ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മിഷൻ ഇന്ന് തിരുവനന്തപുരത്തെ ആസ്ഥാനത്ത് തെളിവെടുപ്പ് നടത്തുകയാണ്.
പൊതുതെളിവെടുപ്പിൽ നേരിട്ട് പങ്കെടുക്കാൻ സാധിക്കാത്തവർക്ക് വീഡിയോ കോൺഫറൻസ് മുഖാന്തിരം പങ്കെടുക്കുവാനുള്ള നിർദ്ദേശങ്ങൾ ഇതിനകം തന്നെ നൽകിക്കഴിഞ്ഞിട്ടുണ്ട്. വീഡിയോ കോൺഫറൻസ് മുഖാന്തിരം തെളിവെടുപ്പ് വീക്ഷിക്കുവനാൻ താല്പര്യമുള്ളവർ തങ്ങളുടെ മെയിൽ മുഖാന്തിരം ലിങ്ക് റിക്വസ്റ്റ് കമ്മീഷന്റെ മെയിലായ kserc@erckerala.org ൽ അയച്ചാൽ ലിങ്ക് അയച്ചുതരുന്നതാണ്. തങ്ങളുടെ അഭിപ്രായം ചാറ്റ് ബോക്‌സിലും രേഖപ്പെടുത്താവുന്നതാണ്. കൂടാതെ തപാൽ മുഖേനയും ഇ-മെയിൽ (kserc@erckerala.org) മുഖേനയും പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. തപാൽ / ഇ-മെയിൽ (kserc@erckerala.org) മുഖേന അയക്കുന്ന അഭിപ്രായങ്ങൾ സെക്രട്ടറി, കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷൻ, കെ.പി.എഫ്.സി ഭവനം, സി.വി. രാമൻപിള്ള റോഡ്, വെള്ളയമ്പലം, തിരുവനന്തപുരം 695010 എന്ന വിലാസത്തിൽ മാർച്ച് 20ന് വൈകിട്ട് 5 വരെ സ്വീകരിക്കും.
തെളിവെടുപ്പിന് ശേഷം ഉത്തരവ് പുറപ്പെടുവിക്കുന്നതോടെ പുതിയ സംവിധാനം നിലവിൽ വരും. രണ്ടുവർഷം മുമ്പും ഇതിന് ശ്രമിച്ചിരുന്നു. പ്രതിഷേധത്തെ തുടർന്നാണ് പിൻവാങ്ങിയത്. സോളാറിലെ വൈദ്യുതി കെഎസ്ഇബിയുടെ ഗ്രിഡിലേക്ക് കൊടുക്കുകയും വീട്ടാവശ്യത്തിന് കെഎസ്ഇബിയുടെ വൈദ്യുതി ഉപയോഗിക്കുകയും ചെയ്യുന്നവർ അധിക വൈദ്യുതിക്ക് മാത്രം ചാർജ്ജ് നൽകിയാൽ മതിയായിരുന്നു. അതിന് നെറ്റ് മീറ്ററിംഗ് സംവിധാനമാണ് ഉപയോഗിച്ചിരുന്നത്. ഗ്രോസ് മീറ്ററിലേക്ക് മാറുന്നതോടെ സോളാർ വൈദ്യുതിക്കും കെ.എസ്.ഇ.ബിയിൽ നിന്ന് വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന വൈദ്യുതിക്കും പ്രത്യേകം മീറ്റർ വയ്ക്കും.
സോളാറിന് കെഎ്‌സ്ഇബി 2.69 രൂപ നിരക്കിൽ പണം തരും. വീട്ടിലെ കെഎസ്ഇബി വൈദ്യുതിക്ക് ശരാശരി 4.20 രൂപ നിരക്കിൽ ബില്ലും തരും. സോളാർ സ്ഥാപിച്ചവർക്ക് കനത്ത നഷ്ടം നേരിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

