തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനായി കൊണ്ടുപോയ ആ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചു വീണ് പരിക്കേറ്റ വിദ്യാർത്ഥി മരിച്ചു. മുക്കോല സ്വദേശി അനന്തുവാണ് മരിച്ചത്. ടിപ്പറിൽ നിന്ന് തെറിച്ച് വീണതിനെ തുടർന്ന് അനന്തുവിന് ഗുരുതര പരിക്കേറ്റിരുന്നു. നിംസ് കോളേജിലെ നാലാം വർഷ ബിഡിഎസ് വിദ്യാർത്ഥിയായിരുന്നു അനന്തു. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
മുക്കോലയിൽ അനന്തുവിന്റെ വീടിന് അടുത്ത് വച്ച് തന്നെയായിരുന്നു അപകടം നടന്നത്. തുറമുഖ നിർമ്മാണത്തിനായി കല്ലുകൾ കൊണ്ടുപോയ ടിപ്പർ റോഡിലെ കുഴിയിലേക്ക് ഇറങ്ങിയപ്പോൾ കല്ലുകൾ പുറത്തേക്ക് വീണു. അനന്തുവിന്റെ വാഹനത്തിലേക്കാണ് കല്ല് വീണത്. ഉടൻതന്നെ അനന്തുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അമിത വേഗതയിലാണ് ടിപ്പർ വന്നതെന്നാണ് നാട്ടുകാർ പറയുന്നത്. തുറമുഖനിർമാണത്തിനായി കല്ലുകൾ കൊണ്ടുപോകുന്ന ടിപ്പറുകളുടെ അമിതവേഗതക്കെതിരെ നേരത്തെയും പരാതി ഉയർന്നിരുന്നു. രാവിലെ ടിപ്പർ ഓടിക്കില്ലെന്ന് ആയിരുന്നു നേരത്തെ ജില്ലാ ഭരണകൂടവും തുറമുഖ അധികൃതരും തമ്മിൽ ഉണ്ടായിരുന്ന ധാരണ.
ഈ ധാരണ ലംഘിച്ചാണ് വീണ്ടും പകൽ സമയങ്ങളിൽ ടിപ്പറുകളോടുന്നതെന്നാണ് നാട്ടുകാരുടെ പരാതി. അതിനിടെ അപകടത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയപാർട്ടികൾ വിഴിഞ്ഞം തുറമുഖ കവാടം ഉപരോധിച്ചു. പകല് 11 മണി വരെ കല്ലുകളുമായി ടിപ്പർ കൊണ്ടുവരില്ലെന്നാണ് തുറമുഖം നൽകിയിരിക്കുന്ന ഉറപ്പ്. ഇതോടെ സമരം അവസാനിപ്പിച്ചു.