ന്യൂഡൽഹി: ഇത്തവണ ലോക്സഭാ തിരഞ്ഞെടുപ്പിൽ 48000 ട്രാൻസ്ജൻഡേഴ്സ് വോട്ടർമാർ തങ്ങളുടെ സമ്മതിദാന അവകാശം വിനിയോഗിക്കും. 96.88 കോടി വോട്ടർമാരിൽ 48000 പേർ ട്രാൻസ്ജൻഡേഴ്സ് ആണെന്നാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സമൂഹത്തിലെ എല്ലാവിഭാഗം ജനങ്ങളെയും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഭാഗമാക്കാൻ ശ്രമിച്ചതായി അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രക്രിയയിൽ ട്രാൻസ്ജൻഡേഴ്സുകളെ ഉൾപ്പെടുത്തുന്നതും അവരെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുന്നതും കമ്മീഷന് വലിയ വെല്ലുവിളിയാണെന്ന് രാജീവ് കുമാർ പറഞ്ഞു. തിരഞ്ഞെടുപ്പിനെ സംബന്ധിച്ച അവബോധം അവർക്കിടയിൽ ഉണ്ടാക്കിയെടുക്കാൻ നിരവധി പദ്ധതികൾ ആവിഷ്ക്കരിച്ചിരുന്നു. ഇതിന്റെ ഫലമായാണ് 2019-നെ അപേക്ഷിച്ച് വോട്ടർമാരുടെ എണ്ണത്തിൽ ഇപ്പോൾ വർധനവുണ്ടായതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
2019-ൽ ട്രാൻസ്ജൻഡേഴ്സ് വോട്ടർമാരുടെ എണ്ണം 39075 ആയിരുന്നു. ഉത്തർപ്രദേശിലായിരുന്നു ഇതിൽ ഏറ്റവും കൂടുതൽ ട്രാൻസ്ജൻഡേഴ്സ് വോട്ടർമാരുണ്ടായിരുന്നത്. 7797 ട്രാൻസ്ജെൻഡർ വോട്ടർമാരാണ് ഇവിടെയുണ്ടായിരുന്നത്. രണ്ടും മൂന്നും സ്ഥാനങ്ങളിൽ തമിഴ്നാട്(5793), കർണാടക (4826) തുടങ്ങിയ സംസ്ഥാനങ്ങളായിരുന്നു.
അരുണാചൽ പ്രദേശ്, ദാമൻ- ദിയു, ഗോവ, ലക്ഷദ്വീപ്, മേഘാലയ, നാഗാലാൻഡ്, സിക്കിം തുടങ്ങിയവയായിരുന്നു ട്രാൻസ്ജെൻഡർ വോട്ടർമാരില്ലാത്ത കേന്ദ്രഭരണ പ്രദേശങ്ങളും സംസ്ഥാനങ്ങളുമെന്നും അദ്ദേഹം വ്യക്തമാക്കി.
96.8 കോടി വോട്ടർമാരാണ് ഇന്ത്യയിലുള്ളത്. ഇതിൽ 1.8 കോടി പുതിയ വോട്ടർമാരാണ്. പത്തര ലക്ഷം പോളിങ് സ്റ്റേഷനുകളിലാണ് വോട്ടെടുപ്പ് നടക്കുക. ഒന്നരക്കോടി പോളിങ് ഉദ്യോഗസ്ഥരുണ്ടാകും. 55 ലക്ഷം വോട്ടിങ് മെഷീനുകളാണുള്ളത്. 47.1 കോടി വനിതാ വോട്ടർമാരും 49.7 കോടി പുരുഷ വോട്ടർമാരുമുണ്ട്. 20 മുതൽ 29 വയസ്സ് വരെയുള്ള വോട്ടർമാരുടെ എണ്ണം 19.7 കോടിയാണ്. 85 കഴിഞ്ഞവർക്കും ഭിന്നശേഷിക്കാർക്കും വീട്ടിലിരുന്ന് വോട്ട് ചെയ്യാം. ഏപ്രിലിൽ 18 വയസ്സ് തികഞ്ഞവർക്കും വോട്ട് ചെയ്യാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.

