പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തോടുള്ള വെല്ലുവിളി; കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിന്റെ ലക്ഷ്യം കുടിയേറ്റ മുസ്ലീങ്ങളുടെ പൗരത്വം നിയമവിരുദ്ധമാക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൗരത്വ ഭേദഗതി നിയമം ഇന്ത്യയെന്ന ആശയത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ ഭേദഗതി നിയമം കേരളത്തിൽ നടപ്പാക്കില്ലെന്നും അദ്ദേഹം അറിയിച്ചു. വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പൗരത്വ ഭേദഗതി നിയമം നടപ്പാക്കില്ലെന്ന് തീരുമാനിച്ച ആദ്യ സംസ്ഥാനം കേരളമാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇടത് എംപിമാർ തെരുവിലിറങ്ങിയപ്പോൾ കോൺഗ്രസ് എംപിമാർ പാർടി അധ്യക്ഷയുടെ വീട്ടിൽ വിരുന്നുണ്ണുകയായിരുന്നു. ഭരണഘടനയ്ക്കു പകരം മനുസ്മൃതിയെ പ്രതിഷ്ഠിക്കുന്ന സംഘപരിവാർ തലച്ചോറിൽ നിന്നാണ് ഈ വിഷലിപ്തമായ നിയമം ജന്മം കൊണ്ടത്. ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സത്തയ്ക്ക് വിരുദ്ധമായതും ജനങ്ങളെ മതാടിസ്ഥാനത്തിൽ വിഭജിക്കുന്നതുമാണ് ഈ നിയമം. സംഘപരിവാറിന്റെ തീവ്ര ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണിത്. വിഭജന രാഷ്ട്രീയത്തിലൂടെ തിരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള സംഘപരിവാറിന്റെ ഹീനമായ ഈ നടപടി രാജ്യാന്തരതലത്തിൽ തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. ഐക്യരാഷ്ട്രസംഘടനയിൽ നിന്നടക്കം, ഈ നിയമത്തിന്റെ വിവേചന സ്വഭാവത്തെക്കുറിച്ച് വിമർശനം ഉയർന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സിഎഎ എല്ലാ അർഥത്തിലും ഇന്ത്യയെന്ന ആശയത്തിനെതിരായ വെല്ലുവിളിയാണ്. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31നോ അതിന് മുൻപോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്‌ലിം ഇതരമത വിഭാഗങ്ങളിൽപ്പെട്ടവർക്ക് പൗരത്വം നൽകുക; ഇസ്‌ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുക ഇതാണ് ഈ നിയമത്തിന്റെ കാതൽ. ഇത് ഭരണഘടന അനുശാസിക്കുന്ന മൂല്യങ്ങളുടെ നഗ്‌നമായ ലംഘനമാണ്. പ്രത്യേക മത വിശ്വാസത്തെ പൗരത്വം നിർണയിക്കുന്ന വ്യവസ്ഥയാക്കുകയാണ്. പുറന്തള്ളലിന്റെ രാഷ്ട്രീയമാണിതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.