2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറും; ഇലോൺ മസ്‌ക്

വാഷിംഗ്ടൺ: 2029 ആവുമ്പോഴേക്കും മനുഷ്യരുടേയെല്ലാം ബുദ്ധിയെ മറികടക്കും വിധം എഐ മുന്നേറുമെന്ന് ശതകോടീശ്വര വ്യവസായി ഇലോൺ മസ്‌ക്. പോഡ്കാസ്റ്ററായ ജോ റോഗനും ഫ്യൂച്ചറിസ്റ്റായ റേ കുർസ്വെയിലും തമ്മിലുള്ള ചർച്ചയെ മുൻനിർത്തിയാണ് മസ്‌കിന്റെ പ്രതികരണം. സാങ്കേതികവിദ്യയുടെ അഭൂതപൂർവമായ വളർച്ച കുർസ് വെയ്ൽ വിലയിരുത്തുന്നു. കംപ്യൂട്ടേഷണൽ ശക്തി, അൽഗൊരിതം, ഡാറ്റാ പ്രൊസസിങ് തുടങ്ങിയ മേഖലകളിൽ മനുഷ്യർ അതിവേഗം മുന്നേറുകയാണ്. ഈ മുന്നേറ്റങ്ങൾ ക്രമേണ മനുഷ്യബുദ്ധിയെ മറികടക്കാൻ എഐ സംവിധാനങ്ങളെ പ്രാപ്തമാക്കുമെന്ന് കുർസ് വെയ്ൽസിന്റെ പ്രതികരണം.

1999 ൽ തന്നെ താൻ ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്ന് കുർസ് വെയ്ൽ പറഞ്ഞു. 2029 ഓടെ അത് സംഭവിക്കുമെന്ന് ഞാൻ അന്ന് പറഞ്ഞു. അതായത് 30 വർഷങ്ങൾകൊണ്ട്. ആരും അത് വിശ്വസിച്ചില്ല. അന്ന് സ്റ്റാൻഫോർഡിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നൂറോളം പേർ പങ്കെടുത്ത ഒരു കോൺഫറൻസ് നടന്നു. തന്റെ പ്രവചനം ചർച്ച ചെയ്തു. അത് സംഭവിക്കുമെന്ന് തന്നെയാണ് അവരും വിശ്വസിച്ചിരുന്നത്. എന്നാൽ 2029 ൽ അതുണ്ടാവില്ലെന്നും 100 വർഷങ്ങളെങ്കിലുമെടുക്കുമെന്നും അവർ കരുതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതേ അഭിപ്രായം ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോൾ ഇലോൺ മസ്‌കും.

എഐ അടുത്ത വർഷം തന്നെ ഏതെങ്കിലും ഒരു മനുഷ്യന്റെ ബുദ്ധിയേക്കാൾ മികച്ചതാവും. 2029 ഓടുകൂടി മുഴുവൻ മനുഷ്യരുടേയും ബുദ്ധിയേക്കാൾ മികച്ചതാവും എഐ എന്നും മസ്‌ക് കൂട്ടിച്ചേർത്തു.