ന്യൂഡൽഹി: ഇലക്ടറൽ ബോണ്ട് കേസിൽ സുപ്രീം കോടതിയിൽ നിന്നും എസ്ബിഐക്ക് തിരിച്ചടി. വിവരങ്ങൾ നൽകാൻ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ കോടതി തള്ളി. വിവരങ്ങൾ നാളെ തന്നെ കൈമാറണമെന്നാണ് എസ്ബിഐ ഉത്തരവിട്ടിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷൻ വിവരങ്ങൾ 15ന് പ്രസിദ്ധീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
ഇല്ലെങ്കിൽ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കുമെന്ന മുന്നറിയിപ്പും സുപ്രീം കോടതി നൽകിയിട്ടുണ്ട്. ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങൾ എസ്ബിഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങൾ എളുപ്പത്തിൽ ലഭ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്നാണ് കോടതി ഉന്നയിച്ച ചോദ്യം. തെരഞ്ഞെടുപ്പ് കമ്മീഷൻ വാദത്തിനിടെ നൽകിയ മുദ്രവച്ച കവർ കോടതി തുറന്നു. ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നല്കിയ വിവരങ്ങൾ ഉടൻ പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദ്ദേശം നൽകി. നടപ്പാക്കിയില്ലെങ്കിൽ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി അറിയിച്ചു. ആരുടെ ബോണ്ട് എത് രാഷ്ട്രീയ പാർട്ടിക്ക് കിട്ടിയെന്ന വിവരം ഉടൻ വരില്ല.
സാങ്കേതികത്വമല്ല. ഉത്തരവ് അനുസരിക്കുകയാണ് വേണ്ടത്. എസ്ബിഐയിൽ നിന്ന് ആത്മാർത്ഥത പ്രതീക്ഷിക്കുന്നുവെന്നും കോടതി പറഞ്ഞു.

