കൊച്ചി: കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിച്ചത് താനാണെന്ന ആരോപണം തള്ളി മുൻ ഡിജിപി ലോക്‌നാഥ് ബെഹ്‌റ. പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെ മുരളീധരനും ഉന്നയിച്ച ആരോപണത്തിന് പിന്നിൽ രാഷ്ട്രീയം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
മോദിയുടെ പരിപാടിയിൽ പ്രമുഖ വസ്ത്രവ്യാപാര ഉടമയെ എത്തിച്ചതിന് പിന്നിൽ താനാണെന്ന ആരോപണവും ബെഹ്‌റ നിഷേധിച്ചു. ഇക്കാര്യത്തിലൊന്നും താൻ ഒരു പ്രതികരണവും നടത്തന്നില്ല. കാരണം ഇതെല്ലാം രാഷ്ട്രീയ വിഷയങ്ങളാണ്. പ്രചരിക്കുന്നത് എല്ലാം വാസ്തവ വിരുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലോക്‌നാഥ് ബെഹ്‌റയാണ് പത്മജയെ ബി.ജെ.പിയിലെത്തിച്ചതെന്ന് കെ മുരളീധരൻ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി ബെഹ്‌റ രംഗത്തെത്തിയത്. പത്മജയെ ബിജെപിയിലെത്തിച്ചത് കേരളത്തിൽ ഇപ്പോഴും പദവിയിലിരിക്കുന്ന ഒരു റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥനാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും പറഞ്ഞിരുന്നു. പിണറായി വിജയന് വേണ്ടിയാണ് പത്മജ വേണുഗോപാലിനെ ബിജെപിയിലെത്തിച്ചതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
കോൺഗ്രസ് നേതാവ് ടോണി ചമ്മണിയായിരുന്നു പ്രമുഖ വസ്ത്രവ്യാപാര ഉടമയെ മോദിയുടെ പരിപാടിയിൽ എത്തിച്ചത് ബെഹ്റയാണെന്ന ആരോപണം ഉന്നയിച്ചത്. പദ്മജ വേണുഗോപാലിനെ മാത്രമല്ല എറണാകുളത്ത് പ്രവർത്തിക്കുന്ന കേരളത്തിലെ തന്നെ ഏറ്റവും വലിയ വസ്ത്രവ്യാപാരശാല ഉടമയെ തൃശൂരിൽ നരേന്ദ്രമോദി പങ്കെടുത്ത ബിജെപിയുടെ വനിതാ സമ്മേളത്തിൽ സമ്മർദ്ദം ചെലുത്തി പങ്കെടുപ്പിക്കാൻ ഇടനിലനിന്നത് പിണറായി വിജയന്റെ വലംകയ്യായ ലോകനാഥ് ബെഹ്റ തന്നെയാണെന്ന് ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം അറിയിച്ചത്.

