തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ആന്റി റാഗിംഗ് സ്ക്വാഡിന്റെ റിപ്പോർട്ട് പുറത്ത്. നിർണായകമായ വിവരങ്ങളാണ് റിപ്പോർട്ടിലുള്ളത്. സർവകലാശാലയിൽ നടന്നത് പരസ്യവിചാരണയാണെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിദ്ധാർത്ഥന് ക്രൂര പീഡനം ഏറ്റുവാങ്ങേണ്ടി വന്നുവെന്നും 18 പേർ പലയിടങ്ങളിൽ വച്ച് സിദ്ധാർത്ഥനെ മർദ്ദിച്ചുവെന്നും റിപ്പോർട്ടിലുണ്ട്.
സർവകലാശാലയുടെ നടുത്തളത്തിൽ വച്ചും സമീപത്തെ കുന്നിൻ മുകളിൽ വച്ചും മർദ്ദിച്ചു. അടിവസ്ത്രം മാത്രം ധരിപ്പിച്ച് സിദ്ധാർത്ഥനെ നടത്തിച്ചു. പ്രതിയായ സിഞ്ചോ ജോൺ ആണ് സിദ്ധാർത്ഥിനെ ക്രൂരമായി മർദ്ദിച്ചതെന്ന മൊഴിയെ കുറിച്ചു റിപ്പോർട്ടിൽ പരാമർശിക്കുന്നു. ആന്റി റാഗിംഗ് സ്ക്വാഡ് റിപ്പോർട്ട് തയ്യാറാക്കിയത് 97 പേരുടെ മൊഴിയെടുത്താണ്. എന്നാൽ, റിപ്പോർട്ടിൽ സിദ്ധാർത്ഥിനെ മർദ്ദിച്ചു എന്ന് പറയുന്ന പലരുടെയും പേര് പോലീസിന്റെ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടില്ല.

