തിരുവനന്തപുരം: ഇന്ന് മുതൽ ഡ്രൈവിങ് ടെസ്റ്റിന് 50 സ്ലോട്ട് എന്ന് തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ. ഇന്ന് ബുക്ക് ചെയ്ത എല്ലാവർക്കും ടെസ്റ്റ് നടത്തുമെന്ന് അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ദിവസം ഉന്നതതല യോഗം നടന്നിരുന്നു. ഈ വാർത്ത മാധ്യമങ്ങൾക്ക് ചില ഉദ്യോഗസ്ഥർ ചോർത്തി നൽകിയെന്നും അദ്ദേഹം ആരോപിച്ചു. രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് പ്രതിഷേധം നടക്കുന്നത്. പിന്നിൽ ഡ്രൈവിങ് സ്‌കൂൾ കോക്കസ് ആണെന്നും മന്ത്രി വ്യക്തമാക്കി.
ഡ്രൈവിങ് ടെസ്റ്റ് സ്ലോട്ട് 50 ആക്കി കുറച്ചതിനാണ് പ്രതിഷേധം നടക്കുന്നത്. ഏകപക്ഷീയമായി 50 എണ്ണമാക്കി ചുരുക്കിയ നടപടി പിൻവലിക്കണമെന്നാണ് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നത്. ടെസ്റ്റ് ഗ്രൗണ്ടിൽ നടന്ന പ്രതിഷേധത്തിനിടെ ടെസ്റ്റിനെത്തിയവരും പൊലീസുമായി സംഘർഷമുണ്ടായി. കയ്യാങ്കളിയുണ്ടായ സാഹചര്യത്തിൽ പ്രതിഷേധക്കാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

