വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണ് ഗോവ. അനേകായിരങ്ങളാണ് ദിവസവും ഗോവയിൽ കാഴ്ച്ചകൾ കാണാനായി എത്തുന്നത്. ബീച്ചുകളും റിസോർട്ടുകളും മാത്രമല്ല ഗോവയെ സന്ദർശർക്ക് പ്രിയങ്കരമാക്കുന്നത്. ഗോവയിൽ ലഭിക്കുന്ന തദ്ദേശീയ മദ്യമായ ഫെനി നുകരാൻ കൂടി വേണ്ടിയാണ് പലരും ഇവിടേക്ക് എത്തുന്നത്. ഗോവയിൽ എത്തുന്നവരിൽ ഫെനി രുചിക്കാത്തവർ വളരെ ചുരുക്കമായിരിക്കും. ഗോവയിൽ നിന്നും മടങ്ങി എത്തുമ്പോൾ ചിലർ ഇത് നാട്ടിൽ കൊണ്ടുവരികയും ചെയ്യും.
എന്നാൽ ഗോവയിൽ പോകാതെ തന്നെ ഫെനി നമ്മുടെ കേരളത്തിൽ ആസ്വദിക്കാൻ കഴിഞ്ഞാലോ. എങ്ങനെയെന്നല്ലേ. കണ്ണൂരിലെ കശുവണ്ടി ഉത്പാദകരാണ് ഫെനി നിർമിക്കുന്നത്. പഴങ്ങളിൽ നിന്ന് വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ അന്തിമ അനുമതി ലഭിച്ചതിനെ തുടർന്നാണ് ഫെനി നിർമ്മിക്കുന്നത്. ഈ സീസണിൽ തന്നെ ‘കണ്ണൂർ ഫെനി’ നിർമിക്കാനാണ് പയ്യാവൂർ സർവീസ് സഹകരണ ബാങ്ക് തയ്യാറെടുക്കുന്നത്. ഫെനി ഉത്പാദിപ്പിക്കുന്നതിനുള്ള സാമഗ്രികൾ ഗോവയിൽ നിന്ന് ഇതിനോടകം എത്തിച്ചുകഴിഞ്ഞു. ബിവറേജസ് കോർപ്പറേഷൻ വഴിയായിരിക്കും ഫെനി വിൽക്കുക.

