വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് ഷഹബാസ് ഷരീഫ്

ഇസ്ലാമാബാദ്: വീണ്ടും പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട് പാക്കിസ്ഥാൻ മുസ്ലിം ലീഗ് നേതാവ് ഷഹബാസ് ഷരീഫ്. ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത് ദേശീയ അസംബ്ലിയാണ്. ഷഹബാസ് ഷരീഫ് പാക്കിസ്ഥാൻ പ്രധാനമന്ത്രി സ്ഥാനത്തേക്ക് എത്തുന്നത്. ഇത് രണ്ടാം തവണയാണ്. മൂന്നു തവണ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന നവാസ് ഷരീഫിന്റെ ഇളയ സഹോദരനാണ് ഷഹബാസ്.

201 അംഗങ്ങളാണ് ദേശീയ അസംബ്ലിയിൽ ഇന്നു നടന്ന വോട്ടെടുപ്പിൽ ഷഹബാസ് ഷരീഫിനെ പിന്തുണച്ചത്. പിടിഐയിലെ ഒമർ അയൂബ് ഖാൻ ആയിരുന്നു എതിർ സ്ഥാനാർഥി. 92 വോട്ടുകൾ മാത്രമാണ് ഇദ്ദേഹത്തിന് ലഭിച്ചത്. ഷഹബാസ് ഷരീഫിനെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്തത് മുൻ പ്രധാനമന്ത്രി നവാസ് ഷരീഫാണ്. നവാസ് ഷരീഫ് തന്നെ വീണ്ടും പ്രധാനമന്ത്രിയാകുമെന്ന് പാർട്ടി പ്രവർത്തകർ ഉൾപ്പെടെ പ്രതീക്ഷിച്ചിരിക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു അദ്ദേഹം ഷഹബാസിന്റെ പേര് നാമനിർദ്ദേശം ചെയ്തത്.

പാക്കിസ്ഥാൻ മുസ്ലിം ലീഗ് പാർട്ടിയുടെ ഉന്നതതല യോഗത്തിലായിരുന്നു നാമനിർദേശം. അതേസമയം, നവാസ് ഷരീഫിന്റെ മകൾ മറിയം നവാസ് പഞ്ചാബ് പ്രവിശ്യയുടെ മുഖ്യമന്ത്രിയായി തിങ്കളാഴ്ച അധികാരമേറ്റിരുന്നു.