ന്യൂഡൽഹി: ഉത്തർപ്രദേശിൽ സമാജ്വാദി പാർട്ടിക്ക് കനത്ത തിരിച്ചടി. നിയമസഭയിൽ പാർട്ടിയുടെ ചീഫ് വിപ്പ് രാജിവച്ചു. ഉഞ്ചാഹറിൽ നിന്നുള്ള എംഎൽഎ കൂടിയായ മനോജ് കുമാർ പാണ്ഡെയാണ് രാജിവച്ചത്. സമാജ്വാദി പാർട്ടി എംഎൽഎമാരിൽ ചിലർ ബിജെപിയിലേക്ക് കൂറുമാറുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ചീഫ് വിപ്പ് രാജിവെച്ചത്.
അതേസമയം, സമാജ്വാദി പാർട്ടിയുടെ എംഎൽഎമാരെ ബിജെപി സമ്മർദ്ദത്തിലാക്കുന്നുവെന്ന ആരോപണവുമായി അഖിലേഷ് യാദവ് രംഗത്തെത്തി. ഇന്നലെ ബിജെപിക്കെതിരെ ശക്തമായ ഭാഷയിൽ ആഞ്ഞടിച്ച അഖിലേഷ്, ബിജെപിയുടെ കുതന്ത്രങ്ങൾ വിലപ്പോവില്ലെന്ന് അവകാശപ്പെട്ടിരുന്നു. ഇതാണ് അവരുടെ ശൈലി. അവർ ആളുകളിൽ ഭയം കുത്തിവയ്ക്കുന്നു. അവരെ ഭീഷണിപ്പെടുത്തുന്നു. അന്വേഷണ ഏജൻസികളെ ഉപയോഗപ്പെടുത്തുകയും പഴയ കേസുകൾ കുത്തിപ്പൊക്കുകയും ചെയ്യുന്നു. ഈ തിരഞ്ഞെടുപ്പിൽ ഇത്തരം തന്ത്രങ്ങളൊന്നും വിലപ്പോവില്ലെന്നും അഖിലേഷ് പറഞ്ഞു.
സമാജ് വാദി പാർട്ടിയുടെ മൂന്നു സ്ഥാനാർഥികളും വിജയിക്കുമെന്നാണ് തങ്ങളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പു ജയിക്കാൻ ബിജെപിക്ക് ഏതു കുതന്ത്രവും പ്രയോഗിക്കാം. ജയിക്കാനായി അവർ എന്തും ചെയ്യുമെന്നും അറിയാം. വ്യക്തിപരമായ നേട്ടങ്ങൾ ലക്ഷ്യമിടുന്ന ഞങ്ങളുടെ ചില നേതാക്കൾ ബിജെപിയിലേക്കു പോയേക്കാമെന്നും അഖിലേഷ് കൂട്ടിച്ചേർത്തു.

