ന്യൂഡൽഹി: രാജ്യത്തെ 11 സംസ്ഥാനങ്ങളിൽ PACS യൂണിറ്റുകളുടെ ഉദ്ഘാടനം നിർവ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിലായിരുന്നു അദ്ദേഹം ഉദ്ഘാടനം നിർവ്വഹിച്ചത്. സഹകരണ മേഖലയിലെ സുപ്രധാന ചുവടുവയ്പ്പാകുന്ന 11 PACS ഗോഡൗണുകളാണ് അദ്ദേഹം ഉദ്ഘാടനം ചെയ്തത്.
സഹകരണ മേഖലയിൽ ലോകത്തെ ഏറ്റവും വലിയ ധാന്യ സംഭരണ പദ്ധതി നടപ്പിലാക്കുക എന്ന ആശയത്തോടെ 11 സംസ്ഥാനങ്ങളിലാണ് പ്രൈമറി അഗ്രികൾച്ചറൽ ക്രെഡിറ്റ് സൊസൈറ്റികൾ (PACS) ആദ്യ ഘട്ടത്തിൽ നിർമ്മിച്ചിരിക്കുന്നത്. 11 PACS യൂണിറ്റുകൾ രാജ്യത്തിന് സമർപ്പിച്ച പ്രധാനമന്ത്രി, 500 PACS യൂണിറ്റുകൾക്ക് വേണ്ടി തറക്കല്ലിടുകയും ചെയ്തു. 18,000 PACS യൂണിറ്റുകളിൽ കമ്പ്യൂട്ടറൈസേഷൻ (ഇആർപി സോഫ്റ്റ് വെയർ) നടത്തുന്നതിനായുള്ള പദ്ധതിയും പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു.
ദേശീയ സോഫ്റ്റ് വെയറാണ് ഇആർപി അഥവാ യൂണിഫൈഡ് എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിംഗ്. സംസ്ഥാന സഹകരണ ബാങ്ക്, ജില്ലാ സെൻട്രൽ സഹകരണ ബാങ്ക് എന്നിവയിലൂടെ നബാർഡുമായി (NABARD) പാക്‌സ് PACS യൂണിറ്റുകളെ ബന്ധിപ്പിക്കുന്നതാണ്. ഇതുവഴി പാക്‌സ് യൂണിറ്റുകളുടെ പ്രവർത്തനക്ഷമത വർദ്ധിക്കുകയും സാധാരണ, ചെറുകിട കർഷകർക്ക് ഇതിന്റെ ഗുണം ലഭിക്കുകയും ചെയ്യും.

