മലപ്പുറം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് വേണമെന്നുള്ള നിലപാടിലുറച്ച് മുസ്ലിം ലീഗ്. ഈ ആവശ്യം ശക്തമായി ഉന്നയിക്കാനാണ് പാർട്ടിയുടെ തീരുമാനം. യുഡിഎഫ് യോഗം ബഹിഷ്‌കരിക്കാനും ലീഗ് ആലോചനയുണ്ട്. ലോക്സഭാ സീറ്റില്ലെങ്കിൽ രാജ്യസഭാ സീറ്റ് പ്രഖ്യാപനം നടത്തണമെന്ന് ലീഗ് ആവശ്യപ്പെട്ടു. രാജ്യസഭാ സീറ്റും നൽകില്ലെന്ന കോൺഗ്രസ് നിലപാടിൽ ലീഗിന് കടുത്ത അതൃപ്തിയുണ്ട്. അതുകൊണ്ട് രാജ്യസഭാ സീറ്റിൽ നിലയുറപ്പിക്കാനാണ് നീക്കം.
സീറ്റ് തന്നില്ലെങ്കിൽ കടുത്ത തീരുമാനങ്ങൾ എടുക്കുമെന്നാണ് ലീഗ് നൽകിയിരിക്കുന്ന മുന്നറിയിപ്പ്. രാജ്യസഭാ സീറ്റ് തന്നാലും മൂന്നാം ലോകസഭാ സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് മുതിർന്ന ലീഗ് നേതാവ് ഇ.ടി. മുഹമ്മദ് ബഷീർ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ ചേർന്ന അടിയന്തര യോഗത്തിനു ശേഷം ലോകസഭയിൽ മൂന്നാം സീറ്റെന്ന ആവശ്യത്തിൽ നിന്ന് മുസ്ലിം ലീഗ് പിറകോട്ടു പോയിട്ടില്ലെന്നാണ് ദേശീയ ജനറൽ സെക്രട്ടറി പി കെ. കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയത്.
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് വിഭജനത്തിൽ യുഡിഎഫ് യോഗത്തിന് ശേഷമേ അന്തിമ തീരുമാനം ഉണ്ടാകൂവെന്ന് കഴിഞ്ഞ ദിവസം മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി അറിയിച്ചിരുന്നു. പാണക്കാട് വെച്ച് മാദ്ധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. അതേസമയം, ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സീറ്റ് ആവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് മുസ്ലിം ലീഗ്.
പാണക്കാട് വെച്ച് മുസ്ലിം ലീഗ് ഇന്ന് അടിയന്തര യോഗം ചേർന്നിരുന്നു. പാണക്കാട് സാദിഖ് അലി തങ്ങളുടെ വസതിയിൽ വെച്ചാണ് അടിയന്തിര നേതൃയോഗം ചേർന്നത്. മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാനും വിട്ട് വീഴ്ച വേണ്ടെന്നുമാണ് യോഗത്തിലെ തീരുമാനം.

