ബൈജു രവീന്ദ്രനെതിരെ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങി ഇഡി

ന്യൂഡൽഹി: ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്ക്ഔട്ട് നോട്ടീസ് (LOC) പുറപ്പെടുവിക്കാനൊരുങ്ങി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ബ്യൂറോ ഓഫ് ഇമിഗ്രേഷനോട് എൻഫോഴ്‌സ്‌മെന്റ് ഇക്കാര്യം അഭ്യർത്ഥിച്ചുവെന്നാണ് വിവരം. ബൈജു രവീന്ദ്രൻ രാജ്യം വിട്ട് പോകാതിരിക്കാനാണ് ഇഡിയുടെ നീക്കമെന്നാണ് റിപ്പോർട്ട്.

ഒന്നരവർഷം മുൻപ് ബൈജുവിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇഡി കൊച്ചി ഓഫീസിന്റെ ആവശ്യത്തെത്തുടർന്നായിരുന്നു നടപടി. പിന്നീട് അന്വേഷണം ഇഡിയുടെ ബംഗളൂരു ഏജൻസിയിലേക്ക് മാറ്റിയിരുന്നു.

ബൈജൂസിന്റെ ഉടമ ബൈജു രവീന്ദ്രന്റെ വീട്ടിലും ബംഗളൂരുവിലെ ഓഫീസുകളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയിരുന്നു. 2020-21 മുതൽ കമ്പനി സാമ്പത്തിക സ്റ്റേറ്റ്മെന്റുകൾ തയാറാക്കിയിട്ടില്ലെന്നും അക്കൗണ്ടുകൾ ഓഡിറ്റിങ്ങിന് വിധേയമാക്കിയിട്ടില്ലെന്നും ഇഡി ആരോപിച്ചിരുന്നു. 2011 മുതൽ ഇതുവരെ 28,000 കോടി രൂപ നേരിട്ടുള്ള വിദേശ നിക്ഷേപമായി കമ്പനിക്കു ലഭിച്ചിട്ടുണ്ട്. 9,754 കോടി രൂപ പല രാജ്യങ്ങളിലായി വിദേശ നിക്ഷേപം നടത്തിയിട്ടുണ്ടെന്നും ഇഡി വിലയിരുത്തിയിരുന്നു.