മസാലബോണ്ട്; കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെയെന്ന് ഹൈക്കോടതി

കൊച്ചി: മസാലബോണ്ട് കേസിൽ കോടതി നിരീക്ഷണത്തിൽ ഹാജരായി ഇഡിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിക്കൂടെ എന്ന് ഹർജിക്കാരോട് ചോദിച്ച് ഹൈക്കോടതി. അറസ്റ്റ് ഉൾപ്പെടെ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്താമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കിയിരിക്കുന്നത്. ഇഡി സമൻസ് ചോദ്യം ചെയ്ത് തോമസ് ഐസക്കും കിഫ്ബി സിഇഒയും സമർപ്പിച്ച ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ പരാമർശം.

സത്യം പുറത്ത് വരാൻ വേണ്ടിയാണല്ലോ സമൻസ് അയച്ചതെന്നും കോടതി ചോദിച്ചു. ഇക്കാര്യത്തിൽ കക്ഷികളുമായി ആലോചിച്ച് തീരുമാനം അറിയിക്കാമെന്നാണ് ഹർജിക്കാരുടെ അഭിഭാഷകർ അറിയിച്ചത്. കോടതി നിർദ്ദേശം സ്വീകാര്യമല്ലെങ്കിൽ ഹർജിയിൽ മെറിറ്റിൽ വാദം കേട്ട് തീരുമാനമെടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.

മസാലബോണ്ടുമായി ബന്ധപ്പെട്ട് ഇഡി ആവശ്യപ്പെട്ട സർട്ടിഫൈഡ് രേഖകൾ നൽകാൻ തയ്യാറാണെന്ന് കിഫ്ബി പറഞ്ഞു. നേരിട്ട് ഹാജരാകാൻ ആവശ്യപ്പെടുന്നതാണ് ചോദ്യം ചെയ്യുന്നതെന്നും കിഫ്ബി കോടതിയിൽ വ്യക്തമാക്കി.