കൊച്ചി: പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. ജനങ്ങളോടു മര്യാദയ്ക്കു പെരുമാറണമെന്ന നിർദേശം അനുസരിക്കാൻ പൊലീസുകാർക്ക് ഇത്രയ്ക്കു ബുദ്ധിമുട്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. ആലത്തൂർ പൊലീസ് സ്റ്റേഷനിൽ അഭിഭാഷകനെ അപമാനിച്ച സംഭവത്തിൽ പൊലീസ് ഉദ്യോഗസ്ഥനെതിരായ കോടതിയലക്ഷ്യ ഹർജി പരിഗണിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
ജനങ്ങളോട് മര്യാദയ്ക്കു പെരുമാറണമെന്നത് ഇത്രയ്ക്ക് ബുദ്ധിമുട്ടാണോ. പൊലീസിന്റെ ആണെങ്കിലും ജഡ്ജിയുടെ ആണെങ്കിലും ആ യൂണിഫോമിട്ടാൽ പദവിക്ക് ചേർന്ന വിധമാണു പെരുമാറേണ്ടത്. ജനങ്ങൾക്ക് ആ യൂണിഫോമിൽ വിശ്വാസമുണ്ട്. അതിനർഥം ജനങ്ങൾക്കുമേൽ അധികാരം പ്രയോഗിക്കണമെന്നല്ല. സമ്മർദമാണെന്നു പറഞ്ഞ് അതിക്രമം കാണിച്ചാൽ വകവച്ചു തരാൻ പറ്റില്ലെന്ന് കോടതി മുന്നറിയിപ്പ് നൽകി.
അഭിഭാഷകനോട് ഇങ്ങനെയാണെങ്കിൽ സാധാരണക്കാരന്റെ അവസ്ഥ എന്താകും. ജോലിയുടെ സമ്മർദം മോശം പെരുമാറ്റത്തിനുള്ള ന്യായീകരണമല്ല. പൊലീസിന് സമ്മർദങ്ങൾ താങ്ങാനുള്ള പരിശീലനം ലഭിക്കുന്നുണ്ടല്ലോ. എന്നിട്ടും സമ്മർദം താങ്ങാനാവുന്നില്ലെങ്കിൽ ജോലി രാജിവച്ച് ഇറങ്ങിപ്പോവുകയാണ് വേണ്ടത്. അഭിഭാഷകനോ സാധാരണക്കാരനോ തെരുവിൽ കഴിയുന്ന ആളോ ആരുമാകട്ടെ, ഓരോ പൗരനേയും മാനിക്കേണ്ടതുണ്ട്. താനിതു പലതവണയായി ആവർത്തിക്കുന്നു. താനിത് എത്രകാലം പറയണം. എത്ര പറഞ്ഞാലും മനസ്സിലാവില്ല എന്നാണോയെന്നും അദ്ദേഹം ചോദിക്കുന്നു. ആലത്തൂർ സ്റ്റേഷനിലാണ് അക്വിബ് സുഹൈൽ എന്ന അഭിഭാഷകനെ എസ്ഐ വി ആർ റിനീഷ് അപമാനിച്ചത്.

