തിരൂർ: തിരൂർ നഗരത്തിലെ കുരുക്കഴിക്കാനുള്ള മേൽപാലം ഫെബ്രുവരി 17ന് ഉദ്ഘാടനം ചെയ്യും. മന്ത്രി മുഹമ്മദ് റിയാസാണ് പാലത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുന്നത്. പാലം തുറക്കുന്നതോടെ തിരൂർ നേരിടുന്ന ഗതാഗതക്കുരുക്കിനും വിവാദങ്ങൾക്കും ഒരു പരിധി വരെ പരിഹാരമാകും.
താഴേപ്പാലത്തിനും ബസ് സ്റ്റാൻഡിനും ഇടയിൽ മലപ്പുറം റോഡിൽ സിറ്റി ജംഗ്ഷനിൽ റെയിൽവേ മേൽപാലം എന്ന ആശയം രൂപപ്പെട്ടിട്ട് കാൽനൂറ്റാണ്ട് പിന്നിട്ടു. എന്നാൽ വിവിധ കാരണങ്ങളും സുരക്ഷാ പ്രശ്നങ്ങളും ഉന്നയിച്ച് പലതവണ അധികൃതർ ഇത് തള്ളി.
10 വർഷം മുൻപ് സി മമ്മൂട്ടി എംഎൽഎ ആയി വന്നതോടെയാണു താഴേപ്പാലം മുതൽ റോഡ് വീതി കൂട്ടിയതും റെയിൽ മേൽപാലത്തിനുള്ള നടപടികൾ ആരംഭിച്ചതും. തുടർന്ന് 5 വർഷത്തിനുള്ളിൽ തന്നെ തിരൂരിൽ മേൽപാലം ഒരുങ്ങി. എന്നാൽ സുരക്ഷ പോരെന്നു കാട്ടി ഉദ്യോഗസ്ഥർ രംഗത്തെത്തിയതോടെ നടപടികൾ വീണ്ടും മന്ദഗതിയിലായി. ഇതിനിടെനാട്ടുകാർ പാലം തുറന്നു ഗതാഗതം തുടങ്ങി. എന്നാൽ നിർമാണം പൂർത്തിയാകാത്തതിനാൽ അധികൃതർ വീണ്ടും അടക്കുകയായിരുന്നു.

