ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വിദേശ വിനിമയ ചട്ടലംഘന കേസുമായി ബന്ധപ്പെട്ടാണ് നടപടി. തിങ്കളാഴ്ച ഡൽഹിയിലെ ഇഡി ഓഫിസിൽ ചോദ്യം ചെയ്യാൻ ഹാജരാകണമെന്നാണ് മഹുവയോട് ആവശ്യപ്പെട്ടിരിക്കുന്നത്. മഹുവ മൊയ്ത്ര വിദേശവിനിമയ ചട്ടം ലംഘിച്ചതായാണ് ഇഡി കണ്ടെത്തിയിരിക്കുന്നത്. ലോക്‌സഭയിൽ നിന്ന് നേരത്തെ മഹുവ മൊയ്ത്രയെ പുറത്താക്കിയിരുന്നു. ലോക്‌സഭയിൽ ചോദ്യം ചോദിക്കുന്നതിനു പണം വാങ്ങി എന്നു പാർലമെന്റ് എത്തിക്‌സ് കമ്മിറ്റി കണ്ടെത്തിയതിനെ തുടർന്നായിരുന്നു പുറത്താക്കൽ.
വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് ‘കൈക്കൂലി’ സ്വീകരിച്ചെന്നാണ് മഹുവയ്‌ക്കെതിരായ ആരോപണം. നരേന്ദ്ര മോദി സർക്കാരിനെതിരെ ചോദ്യങ്ങളുന്നയിക്കാനാണ് മഹുവ കൈക്കൂലി വാങ്ങിയത്. ബിജെപി എംപി നിഷികാന്ത് ദുബെയാണ് പാർലമെന്റിൽ മഹുവയ്ക്കെതിരെ രംഗത്തുവന്നത്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും മഹുവയ്ക്കെതിരെ നടപടി വേണമെന്നും ദുബെ വ്യക്തമാക്കിയത്. തുടർന്ന് വിഷയം പാർലമെന്റ് എത്തിക്സ് കമ്മിറ്റിയുടെ മുന്നിലെത്തുകയും പിന്നീട് ഐടി മന്ത്രാലയം വിശദ പരിശോധന നടത്തുകയും ചെയ്തു. ലോഗിൻ വിവരങ്ങൾ ഹിരാനന്ദാനിക്ക് നൽകിയതായി മഹുവ വെളിപ്പെടുത്തി.
ഹിരാനന്ദാനിക്ക് മാത്രമല്ല ലോഗിൻ വിവരങ്ങൾ നൽകിയതെന്നും ദുബെ ആരോപിച്ചിരുന്നു. ഡൽഹി, ബെംഗളൂരു, സാൻഫ്രാൻസിസ്‌കോ തുടങ്ങി പലയിടങ്ങളിൽനിന്ന് ലോഗിൻ ചെയ്തതു സൂചിപ്പിക്കുന്നത് അതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

