സ്‌കീം ഭരണഘടന വിരുദ്ധം; ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി

ന്യൂഡൽഹി: സുപ്രീം കോടതിയിൽ നിന്നും കേന്ദ്ര സർക്കാരിന് തിരിച്ചടി. ഇലക്ടറൽ ബോണ്ട് കേസിൽ കേന്ദ്രസർക്കാരിന് തിരിച്ചടി നേരിടേണ്ടി വന്നത്. സ്‌കീം ഭരണഘടന വിരുദ്ധമാണെന്നും ഇത് റദ്ദാക്കണമെന്നുമാണ് സുപ്രീംകോടതിയുടെ ഉത്തരവ്. ഭരണഘടന ബഞ്ചാണ് ഇതുസംബന്ധിച്ച ഉത്തരവിട്ടത്.

രാഷ്ട്രീയ പാർട്ടികൾക്ക് കിട്ടുന്ന സംഭാവന അറിയാനുള്ള അവകാശം വോട്ടർമാർക്കുണ്ട്. സംഭാവന നൽകുന്നവർക്ക് രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം കൂടും. രാഷ്ട്രീയ പാർട്ടികൾക്ക് നൽകുന്ന സംഭാവനകൾ രഹസ്യമാക്കി വെക്കാനാകില്ല. സംഭാവന വിവരങ്ങൾ രഹസ്യമാക്കുന്നത് ഭരണഘടന വിരുദ്ധമാണ്. ഇലക്ടറൽ ബോണ്ട് സംവിധാനം വിവരാവകാശം ലംഘിക്കുന്നുവെന്നും കോടതി ചൂണ്ടിക്കാട്ടി.

കള്ളപ്പണം തടയാനുള്ള നടപടി എന്ന പേരിൽ മാത്രം ഇത് മറച്ചു വയ്ക്കാനാകില്ല. വ്യക്തികളുടെ സംഭാവനകളെക്കാൾ കമ്പനികളുടെ സംഭാവനകൾ രാഷ്ട്രീയ പാർട്ടികളിൽ സ്വാധീനം ചെലുത്തും. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയ്ക്ക് തിരിച്ചടിയാണ്. ഇലക്ട്രൽ ബോണ്ടിനായി കമ്പനി നിയമത്തിൽ വരുത്തിയ ഭേദഗതി ഭരണഘടന വിരുദ്ധമാണെന്നും കോടതി അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി ആർ ഗവായ്, ജെ ബി പർദിവാല, മനോജ് മിശ്ര എന്നിവരുൾപ്പെടുന്ന ബെഞ്ചാണ് ഹർജികളിൽ വിധി പറഞ്ഞത്. സിപിഎം, ഡോ ജയ താക്കൂർ, അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) തുടങ്ങിയവരാണ് വിഷയത്തിൽ സുപ്രീം കോടതിയിൽ ഹർജി സമർപ്പിച്ചത്. ഇലക്ട്രൽ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടർമാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നായിരുന്നു ഹർജിക്കാർ കോടതിയിൽ വാദിച്ചത്.