മുംബൈ: ഖത്തറിൽ തടവിലായ മുൻ ഇന്ത്യൻ നാവികരെ മോചിപ്പിക്കാൻ ഇടപെട്ടു എന്ന വാർത്തകൾ നിഷേധിച്ച് നടൻ ഷാരൂഖ് ഖാൻ. ഇത്തരം വിഷയങ്ങൾ കൈകാര്യം ചെയ്യുന്നത് കഴിവുറ്റ നേതാക്കളാണെന്നും തനിക്ക് ഈ നീക്കങ്ങളിൽ പങ്കാളിത്തം ഇല്ലെന്നും ഷാരൂഖ് ഖാൻ വ്യക്തമാക്കി.
ഷാരൂഖ് ഖാനാണ് ഖത്തറിലെ ഇന്ത്യൻ നാവികരെ വിട്ടയ്ക്കാൻ ഇടപെട്ടതെന്ന് സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞിരുന്നു. ഈ പരാമർശത്തിന് പിന്നാലെയാണ് ഷാരൂഖ് ഖാൻ വിശദീകരണവുമായി രംഗത്തെത്തിയത്. നരേന്ദ്ര മോദിയും ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവലും പരാജയപ്പെട്ടപ്പോൾ ഷാരൂഖ് ഖാന്റെ സഹായം മോദി തേടിയെന്നായിരുന്നു സുബ്രഹ്മണ്യൻ സ്വാമി പറഞ്ഞത്. എക്‌സ് പ്ലാറ്റ്‌ഫോമിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. ഖത്തറിലേക്ക് മോദി ഷാരൂഖ് ഖാനെയും കൊണ്ടു പോകണമെന്നും സ്വാമി ആവശ്യപ്പെട്ടിരുന്നു.
സുബ്രഹ്മണ്യൻ സ്വാമിയുടെ പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം ഇതുവരെ പ്രതികരണം നടത്തിയില്ല. അതേസമയം, നാളെ വൈകിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഖത്തർ അമീറുമായി കൂടിക്കാഴ്ച്ച നടത്തും. അമീറിന്റെ നേതൃത്വം ഖത്തറിനെ വലിയ വളർച്ചയിലേക്ക് നയിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

